ശരത്തിന് 15 വെട്ടുകള്‍; കൃപേഷിന്റെ തലച്ചോറ് പിളര്‍ന്നു; ശരത്തിന് ഇടതുനെറ്റിമുതല്‍ 23 സെന്റിമീറ്റര്‍ ആഴത്തിലുള്ള മുറിവ്

കാസര്‍കോട് വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. കൃപേഷിന് വെട്ടേറ്റ് തലച്ചോറ് പിളര്‍ന്നു. മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളാണ് ഏറ്റിരിക്കുന്നത്. ഇതില്‍ രണ്ട് വെട്ടുകള്‍ മരണകാരണമായി. ഇടത് നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവാണ് ഒന്ന്. വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന വെട്ടും മരണത്തിലേക്ക് നയിച്ചു. മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമണിയോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി മൃതദേഹങ്ങള്‍ കൊണ്ടുപോകും. കാസര്‍കോട് അഞ്ചിടത്ത് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

കല്യോട്ട് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും കൃപേഷിനെ വീട്ടിലേക്ക് കൊണ്ടുവിടാനായി പോകുമ്പോഴാണ് കിച്ചു കൃപേഷിനെയും, സുഹൃത്ത് ജോഷി എന്ന ശരത്ത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് സംഭവം. ഒരാളെ ബൈക്കിനോട് ചേര്‍ത്തുവെച്ച നിലയിലും മറ്റൊരാളെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച നിലയിലുമാണ് കണ്ടെത്തിയത്. ജീപ്പിലാണ് അക്രമികളെത്തിയതെന്നാണ് വിവരം.

ഇവര്‍ക്കു നേരെ സി പി എം പ്രവര്‍ത്തകരുടെ വധഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇതിനു പിന്നാലെയാണ് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും മടങ്ങുമ്പോള്‍ ഇരുവരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സ്ഥലത്തെ ഒരു സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്. അതുകൊണ്ടുതന്നെ സാക്ഷികളായി മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പിന്നീട് ഇതുവഴി വന്നവരാണ് യുവാക്കളെ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേയാണ് കൃപേഷ് മരണപ്പെട്ടത്. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ശരത്തും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ പെരിയയിലെ ഒരു ബാങ്ക് ജീവനക്കാരനില്‍ നിന്നും എ എസ് പി. ഡി. ശില്‍പ മൊഴിയെടുത്ത ശേഷം ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കേസ് അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്റ് ഡി വൈ എസ് പി പ്രദീപിനാണ് ഏല്‍പിച്ചിരിക്കുന്നത്.

അതേസമയം കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് സി പി എം നടത്തിയതെന്നും ആസൂത്രിതമായാണ് രണ്ട് യുവാക്കളെ നിഷ്ഠൂരം കൊലപ്പെടുത്തിയതെന്നും ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. കൊലപാതക വിവരമറിഞ്ഞ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. കൊലയാളി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

murderyouth congresstwin murder
Comments (0)
Add Comment