ഐഎന്‍എല്‍ ‘അടിച്ച്’ പിളർന്നു ; പരസ്പരം പുറത്താക്കി പ്രസിഡന്‍റും സെക്രട്ടറിയും

 

കോഴിക്കോട് : ഐഎൻഎല്ലിലെ ആഭ്യന്തരകലഹം പിളര്‍പ്പില്‍ അവസാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി  സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് അറിയിച്ചു. നാസര്‍ കോയ തങ്ങളാണ് പുതിയ ജനറല്‍ സെക്രട്ടറിയെന്നും പ്രഖ്യാപിച്ചു. അതേസമയം അബ്ദുല്‍ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ വിഭാഗവും  അവകാശപ്പെട്ടു. ഇരു വിഭാഗവും  പ്രത്യേക യോഗം ചേർന്നു.

മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കണമെന്ന നിരന്തരമായ ആവശ്യം കാസിം ഇരിക്കൂർ കണക്കിലെടുക്കാന്‍ തയാറായില്ല. പ്രസിഡന്‍റ് എ.പി അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മിലുള്ള പോര് കടുത്തതോടെ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. ഇതാണിപ്പോള്‍ പിളര്‍പ്പില്‍ എത്തിയത്.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗം കയ്യാങ്കളിയിലെത്തിയിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ യോഗം നടന്ന ഹോട്ടലിനു മുന്നില്‍ ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. ഇതേതുടർന്ന് യോഗത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്‍റ് ഇറങ്ങിപ്പോയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ 30 ലധികം പേർ ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്തു. ഇതിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് യോഗത്തിൽ പങ്കെടുത്തവർ തമ്മിൽ തല്ലി യോഗം ഉപേക്ഷിക്കേണ്ടി വന്നത്. മന്ത്രി അഹമ്മദ് ദേവർ കോവിലിനെ പിന്തുണയ്ക്കുന്ന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗവും സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ വഹാബ് പക്ഷവും തമ്മിലായിരുന്നു ചേരിതിരിഞ്ഞ് വാക്കുതർക്കവും കൂട്ടത്തല്ലും ഉണ്ടായത്. പാർട്ടി പ്രതിരോധത്തിലായ പിഎസ്.സി അംഗത്വ വിവാദം, മന്ത്രിയു‍ടെ പേഴ്സൽ സ്റ്റാഫ് നിയമന വിവാദം ഉൾപ്പെടെയുള്ള വിവാദങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ന് നേതൃയോഗം ചേർന്നത്. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പാതിവഴിയിൽ പിരിച്ചുവിട്ട് മന്ത്രി തന്നെ പോലീസ് സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. സെക്രട്ടറി കാസിം ഇരിക്കൂരും മന്ത്രി അഹമ്മദ് ദേവർകോവിലും ചേർന്ന് പാർട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് പ്രസിഡന്‍റ് അബ്ദുൾ വഹാബിന്‍റെ ആക്ഷേപം.

ഐഎൻഎല്ലിൽ ആഭ്യന്തരകലഹം മുർച്ഛിച്ചതിനെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഇരുവരെയും വിളിച്ച് താക്കീത് ചെയ്തത് രണ്ടാഴ്ച മുമ്പായിരുന്നു. വിവാദമുയർത്തിയ പഴ്സനൽ സ്റ്റാഫ് നിയമനത്തിനു പരിഹാരമായി സിപിഎം പ്രതിനിധികളെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുകയും ചെയ്തു. സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ വഹാബിന്‍റെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പുതിയ പദവിയിലെത്തിയതോടെ അഹമ്മദ് ദേവര്‍കോവില്‍ പാര്‍ട്ടിക്ക് അതീതനായെന്നായിരുന്നു ആക്ഷേപം. സിപിഎമ്മും ഇക്കാര്യത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഐഎന്‍എല്ലിലെ ‘ആഭ്യന്തര പ്രശ്നങ്ങള്‍’ മുന്നണിക്കും തലവേദനയായിരിക്കുകയാണ്.

Comments (0)
Add Comment