ഷംസീറിന്റെ ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയ അധ്യാപികയ്ക്ക് രേഖകള്‍ നല്‍കിയില്ല; സര്‍വകലാശാല അധികൃതര്‍ക്ക് വിവരാവകാശ കമ്മീഷണറുടെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍: എ.എന്‍.ഷംസീര്‍ എം.എല്‍.എ ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയ അധ്യാപികയ്ക്ക് രേഖകള്‍ നല്‍കാതെ കണ്ണൂര്‍ സര്‍വ്വകലാശാളയുടെ ഒളിച്ചുകളി. അധികൃതര്‍ക്ക് സംസ്ഥാന വിവരാകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. താല്‍ക്കാലിക നിയമനത്തെ സംബന്ധിച്ച രേഖകളാണ് പരാതിക്കാരിയായ ഡോ. എം പി ബിന്ദു ആവശ്യപ്പെട്ടത്. എന്നാല്‍, രേഖകള്‍ നല്‍കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിരുന്നില്ല. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാത്തതിനുള്ള വിശദീകരണം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ടീച്ചര്‍ എജുക്കേഷന്‍ സെന്ററിലെ കരാര്‍ അധ്യാപക നിയമനങ്ങളെക്കുറിച്ചാണ് പരാതി നല്‍കിയ ഹരജിക്കാരി രേഖകള്‍ ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ സര്‍വകലാശാലയില്‍ നിന്ന് ലഭിക്കേണ്ടതാണെന്ന് അറിയാവുന്ന ഒന്നാം എതിര്‍കക്ഷി ( കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും കോഴ്‌സ് ഡയറക്ടറും) പരാതി സ്വീകരിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ നിയമപ്രകാരം അത് സര്‍വകലാശാലയ്ക്ക് കൈമാറേണ്ടതാണ്. പരാതി നല്‍കിയ ഹര്‍ജിക്കാരിയെ ഇക്കാര്യം അറിയിക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍, ഇത്തരം ഒരു നടപടി ഒന്നാം എതിര്‍കക്ഷിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ പറയുന്നു.

കമ്മീഷന് ഹര്‍ജിക്കാരി പരാതി നല്‍കിയ തിയതിയില്‍ തന്നെ ഒന്നാം അപ്പീല്‍ അധികാരിയായ സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന് ഒന്നാം അപ്പീല്‍ അധികാരിയായ കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും നിയമം അനുശാസിക്കുന്ന മട്ടിലല്ലെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കുന്നു. പരാതി ഹര്‍ജിക്കാരിക്ക് നല്‍കുന്ന വിവരങ്ങളുടെയും മറുപടിയുടെയും പകര്‍പ്പും പരാതിക്കാരിയോട് ലാഘവത്വം നിറഞ്ഞ സമീപനം സ്വീകരിച്ചതിലുള്ള വിശദീകരണവും ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം എതിര്‍കക്ഷികള്‍ കമ്മീഷന് നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Comments (0)
Add Comment