പ്രതിപക്ഷ ആശങ്കകള്‍ക്കിടെ സാംക്രമിക രോഗങ്ങള്‍ ബില്‍ നിയമസഭ പാസാക്കി

Jaihind Webdesk
Thursday, June 3, 2021

തിരുവനന്തപുരം സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പടിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ നിയമസഭ ഐകകണ്‌ഠേന പാസാക്കി. കേന്ദ്ര നിയമം നിലനില്‍ക്കെ ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത് നിലനില്‍ക്കുമോ, നിയമനടപടികള്‍ക്ക് കാരണമാകുമോയെന്ന പ്രതിപക്ഷ ആശങ്കകള്‍ക്കിടെയാണ് നിലവിലുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നിയമമാക്കിയത്. ഈ നിയമത്തിെന്റ സാങ്കേതികത്വങ്ങളാണ് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

വലിയ തോതിൽ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുമെന്നും പൂർണ്ണമായും പൊലീസ് സംസ്ഥാനമാക്കാനുള്ള ശ്രമമാണിതെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു. കുറുക്കോളി മൊയ്ദ്ദീൻ, എൻ.എ നെല്ലിക്കുന്ന്, എ.എൻ ഷംസീർ, മുഹമ്മദ് മുഹസിൻ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംസാരിച്ചു. എന്നാല്‍ സർക്കാരിന്‍റെ അധികാരപരിധിയില്‍ വരുന്ന പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള നിയമമാണ് കൊണ്ടുവന്നതെന്ന് ബില്ല് അവതരിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഈ ബില്ല് നിയമമായതോടെ 1897 ലെ കൊച്ചി, തിരുവിതാംകൂര്‍ സാംക്രമിക രോഗങ്ങള്‍ ആക്ട്, 2021 ലെ കേരള സാംക്രമിക രോഗങ്ങള്‍ ഓര്‍ഡിനന്‍സ് എന്നിവ റദ്ദാക്കപ്പെട്ടു.

സംസ്ഥാനത്തോ അതിന്‍റെ ഏതെങ്കിലും ഭാഗത്തോ സാംക്രമിക രോഗം പിടിപെടുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയരുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാകലക്ടര്‍മാരെ അധികാരപ്പെടുത്താന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ബില്ല്. സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും ഒത്തുചേരലുകള്‍, ആഘോഷങ്ങള്‍, ആരാധനകള്‍ മറ്റ് പ്രവര്‍തനങ്ങള്‍ വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാല്‍ ആ ആചാരങ്ങളോ, പ്രവര്‍ത്തിയോ നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് നിയമം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ക്വാറന്റയിനില്‍ വയ്ക്കാനും അവരെ പരിശോധിക്കാനുമുള്ള അധികാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യമെന്ന് തോന്നുന്ന കാലത്തോളം സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാം.