ഇന്തൊനീഷ്യയില്‍ സൂനാമിയുടെ ഭീതി അവസാനിക്കുന്നില്ല; ഭീഷണി ഉയര്‍ത്തി അനക് ക്രാക്കട്ടോവ

webdesk
Thursday, December 27, 2018

Anak Krakatau volcano

അഗ്‌നിപർവത സ്‌ഫോടനത്തെത്തുടർന്ന് ഇന്തൊനീഷ്യയിലുണ്ടായ കൂറ്റൻ സൂനാമിയുടെ ഭീതി അവസാനിക്കുന്നില്ല. വീണ്ടുമൊരു സൂനാമിക്കുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. അതിനിടെ കനത്ത മഴ രക്ഷാപ്രവർവത്തനത്തെ ഏറെ ബാധിച്ചു.

മോശം കാലാവസ്ഥയാണ് ഇന്തൊനേഷ്യയിൽ ഭീഷണിയായി തുടരുന്നത്. ഉയർന്ന തിരമാലകൾ ഏതു നിമിഷവും ഉണ്ടായേക്കാമെന്നതിന്റെ സൂചനകൾ നൽകി അനക് ക്രാക്കട്ടോവ അഗ്‌നിപർവതം ചാരവും പുകയും പുറന്തള്ളുന്നുണ്ട്. ശനിയാഴ്ച രാത്രിയാണു തെക്കൻ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയിൽ സൂനാമി ആഞ്ഞടിച്ചത്.

305 മീറ്റർ ഉയരമുള്ള അഗ്‌നിപർവത ദ്വീപിന്റെ ഏകദേശം 222 ഏക്കർ പ്രദേശം ഇടിഞ്ഞു താണതോടെയാണ് സൂനാമിയുണ്ടായത്. ദ്വീപിന്റെ പല ഭാഗങ്ങളും ഇപ്പോഴും ഏതുനിമിഷവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. കൊടുംമഴയും തിരമാലകളും തുടരുന്നതും മേഖലയെ ഏറെ ദുർബലമാക്കുന്നു.

അനക് സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്നുള്ള ‘മുരൾച്ചകൾ’ നിരീക്ഷിക്കാൻ മാത്രമായി ഒരു മോണിട്ടറിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ദ്വീപ് തകർന്നടിഞ്ഞാൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ വേണ്ടിയാണിതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 450ഓളം പേർ ഇതുവരെ മരിച്ചെന്നാണ് കണക്ക്. 159 പേരെ കാണാതായിട്ടുണ്ട്. 1500ലേറെ പേർക്കു പരുക്കേറ്റു. ഇരുപതിനായിരത്തോളം പേരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി.[yop_poll id=2]