മുൻ പ്രധാനമന്ത്രി ഇന്ദിര പ്രിയദർശിനിയുടെ 101-ാം ജന്മ വാർഷിക ദിനമാണ് ഇന്ന്. ആഗോള സമൂഹത്തിൽ തന്നെ പകരം വെക്കാനില്ലാത്ത കർമരേഖയായിരുന്നു ഇന്ദിരാഗാന്ധിയുടെ ജീവിതം.
ഇന്ത്യൻ ജനത എക്കാലവും സ്‌നേഹാദരങ്ങളോടെ മനസിൽ സൂക്ഷിക്കുന്ന നേതാവാണ് ഇന്ദിരാഗാന്ധി. ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയർത്തിയ, അധികാരത്തിന്‍റെ എല്ലാ പതിവ് ലക്ഷണങ്ങളും തിരുത്തിക്കുറിച്ച ഉരുക്ക് വനിത. രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഇന്ദിരാഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികൾക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായി വലിയ ശക്തിയായി മാറിയതും ഇക്കാലത്തുതന്നെ. ഇക്കാരണം കൊണ്ട് തന്നെയാണ് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മഹാത്മാ ഗാന്ധിക്കും നെഹ്‌റുവിനും ശേഷം ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട രാഷ്ട്രീയ നേതാവായി ഇന്ദിരാഗാന്ധി മാറിയത്.
സംവരണം പോലും അന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകൾ പൊതുരംഗത്തേയ്ക്ക് കടന്നു വരേണ്ടതിന്‍റെ ആവശ്യം ആവർത്തിച്ച് ഓർമിപ്പിച്ചു ഇന്ദിരാഗാന്ധി. രാജ്യത്തിന്‍റെ നേനതൃസ്ഥാനത്തേക്ക് ഇന്ദിരാഗാന്ധി കടന്നുവന്നപ്പോൾ നെറ്റിചുളിച്ചവർക്ക് പ്രവൃത്തിയിലൂടെയാണ് ഈ ധീരവനിത മറുപടി നൽകിയത്. കൃത്യവും കാർക്കശ്യവും നിറഞ്ഞ ഭരണരീതികളിലൂടെ പ്രഖ്യാപനങ്ങളെ യാഥാർഥ്യമാക്കാൻ ഇന്ദിര ഗാന്ധിക്ക് കഴിഞ്ഞു. ഇന്ന് കോടിക്കണക്കിന് സ്ത്രീകൾ അധികാരത്തിലേക്ക് കടന്നു വരുമ്പോൾ യാഥാർഥ്യമാകുന്നത് ഇന്ദിരാജിയുടെ ദീർഘവീക്ഷണമാണ്.
അധികാരത്തിന്‍റെ ഉന്നതിയിൽ ഇരിക്കുമ്പോളും ലളിത ജീവിതം നയിച്ച ഇന്ദിര വ്യക്തിപരമായും ഒരു വലിയ മാതൃകയായി. ഗൗരവം നിറഞ്ഞ ഭരണകർത്താവെന്നതിലുപരി സവിശേഷ വ്യക്തിത്വത്തിനുകൂടി ഉടമയായിരുന്നു ഇന്ദിരാജി. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ പോലും എഴുത്തിനും വായനനയ്ക്കും അവർ സമയം കണ്ടെത്തി. സിഖ് കലാപത്തെതുടർന്ന് അംഗരക്ഷകരിൽ നിന്നും സിഖുകാരെ മാറ്റണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല ഇന്ദിരാഗാന്ധി. സ്വന്തം അംഗരക്ഷകരിൽ നിന്നുതന്നെ വെടിയേറ്റ് ആ ധീരപുഷ്പം ജീവനറ്റു എന്ന വാർത്തയും ലോകം ഞെട്ടലോടെ കേട്ടു. സ്ത്രീശക്തിയുടെ ഉത്തമമാതൃക ലോകത്തിന് കാണിച്ചുകൊടുത്ത ആ ധീരവനിതയുടെ ജന്മദിനത്തിൽ നല്ലൊരു നാളെ നമുക്ക് സ്വപ്നം കാണാം.
https://www.youtube.com/watch?v=i5euSBkjiR4