റെയില്‍വേ ട്രാക്കിന് മുകളിലൂടെ പറക്കുന്ന വിമാനം; ജയരാജനെ ട്രോളി ഇന്‍ഡിഗോ എയർലൈന്‍സ്

Jaihind Webdesk
Tuesday, July 19, 2022

ഇന്‍ഡിഗോ എയർലൈന്‍സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ചിത്രം സൈബര്‍ലോകത്ത് ചര്‍ച്ചയാകുന്നു. ജയരാജനുള്ള മറുപടിയാണോ ഇതെന്നാണ്  സോഷ്യല്‍ മീഡിയയിലെ ചർച്ച. റെയില്‍വേ ട്രാക്കിന് മുകളിലൂടെ പറക്കുന്ന ഇന്‍ഡിഗോ എയർലൈന്‍സിന്‍റെ ചിത്രമാണ് കമ്പനി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. താഴെ നിന്ന് വിമാനത്തെ നോക്കി നില്‍ക്കുന്ന ആളും ചിത്രത്തിലുണ്ട്.  ‘അപ്പ് എബോ ദ വേള്‍ഡ് സോ ഫ്ലൈ’ (up above the world so fly) എന്ന ക്യാപ്ഷനോടെയാണ് ചിത്രം. എന്തായാലും റെയില്‍വേ ട്രാക്കിന് മുകളിലൂടെ പറക്കുന്ന ഇന്‍ഡിഗോ ഫ്ലൈറ്റ് ജയരാജനുള്ള ട്രോളാണെന്ന് സൈബർ ലോകം പറയുന്നു.

അടുത്ത ദിവസങ്ങളില്‍ സൈബർ ലോകത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഒന്നാണ് ഇന്‍ഡിഗോയ്ക്കെതിരായ ഇ.പി ജയരാജന്‍റെ യുദ്ധപ്രഖ്യാപനം. വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ച സംഭവത്തില്‍ ജയരാജനെതിരെ ഇന്‍ഡിഗോ നടപടി സ്വീകരിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. നടപടിക്ക് പിന്നാലെ ഇന്‍ഡിഗോ കമ്പനിക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് കണ്‍വീനർ രംഗത്തെത്തി. നടന്നുപോകേണ്ടിവന്നാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും വൃത്തികെട്ട കമ്പനിയാണെന്നുമായിരുന്നു ആദ്യ പ്രതികരണം.

പിന്നീടങ്ങോട്ട് ജയരാജനെതിരെ ട്രോള്‍ ആക്രമണമായിരുന്നു. ഇന്‍ഡിഗോ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ജയരാജനും റഹീമും ജെയ്ക്കുമെല്ലാം ട്രോളുകളായി നിറഞ്ഞു. ഇതോടെ ഏവരുടെയും ശ്രദ്ധ ഇന്‍ഡിഗോയുടെ പേജിലേക്ക് കേന്ദ്രീകരിച്ചു. കണ്ണൂരിലേക്ക് ഇനിയുള്ള യാത്രകള്‍ ട്രെയിനില്‍ മാത്രമായിരിക്കും എന്നും ജയരാജന്‍ പിന്നീട് പറഞ്ഞിരുന്നു. ഉദ്ദേശം എന്തായാലും ഇ.പി ജയരാജനുള്ള ട്രോളിന്‍റെ അടുത്ത അധ്യായത്തിനുള്ള വെടിമരുന്നിനാണ് ഇന്‍ഡിഗോ പുതിയ ചിത്രത്തിലൂടെ തിരികൊളുത്തിയിരിക്കുന്നത്.