ചാന്ദ്രയാന്‍-2 വിന്‍റെ കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം ജൂലൈ 15 പുലർച്ചെ 2.51ന്

Jaihind Webdesk
Sunday, July 14, 2019

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചാന്ദ്രയാൻ 2 വിന്‍റെ വിക്ഷേപണം നാളെ. പുലർച്ചെ 2.51നാണ് വിക്ഷേപണം. അന്തിമ ഘട്ട ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.

ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാനിന് ശേഷം വീണ്ടുമൊരു ചാന്ദ്ര ദൗത്യത്തിന് തൊട്ടരികിലാണ് ഇന്ത്യ. നാളെ പുലർച്ചെ 2.51നാണ് ചരിത്രദൗത്യത്തിന്‍റെ രണ്ടാം ഘട്ട വിക്ഷേപണം. 2019 സെപ്റ്റംബർ 6 ന് ചാന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചും രാസഘടകങ്ങളെക്കുറിച്ചും പഠിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

പ്രധാനമായും 3 മൊഡ്യൂളുകളായിരിക്കും ഇതിൽ ഉണ്ടായിരിക്കുക. ഓർബിറ്റർ, റോവർ, ലാൻഡർ. ഇതിൽ ഓർബിറ്റർ ചന്ദ്രനെ വലം വെക്കുകയും റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി പര്യവേഷണം നടത്തുകയും ലാൻഡർ അതിനെ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ചാന്ദ്രയാൻ 1 വിക്ഷേപിച്ച് 10 വർഷങ്ങൾക്കു ശേഷമാണ് അടുത്ത ചാന്ദ്ര ദൗത്യത്തിലേക്ക് ഇന്ത്യ കടക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചാന്ദ്രയാൻ 2 ഇറങ്ങുന്നത്. ഇതുവരെ ഒരു ബഹിരാകാശ പേടകവും ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിലിറങ്ങിയിട്ടില്ല. ലാൻഡിംഗിനുപയോഗിക്കുന്ന മൊഡ്യൂളിന് വിക്രം സാരാഭായിയോടുള്ള ആദരസൂചകമായി ‘വിക്രം’എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഇതിനു മുൻപ് റഷ്യ, അമേരിക്ക, ജപ്പാൻ, ചൈന എന്നീരാജ്യങ്ങൾ മാത്രമാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയുള്ള റോവർ ദൗത്യം നടത്തിയിട്ടുള്ളൂ. ഇപ്പോൾ ആ പട്ടികയിലേക്ക് ഇന്ത്യകൂടി എത്തുകയാണ്. റോവറിന് ഒരു വർഷമാണ് കാലാവധി നിർണയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ജി.എസ്.എൽ.വി മാർക്-3 റോക്കറ്റിലാണ് പേടകം ചന്ദ്രനിലേക്ക് കുതിച്ചുയരുന്നത്.