മോദി ഭരണത്തില്‍ രാജ്യത്തിന്‍റെ പൊതുകടം 57 ശതമാനം വര്‍ധിച്ചു; ഓരോ പൗരന്‍റേയും കടബാധ്യത 64,154 രൂപ

Jaihind Webdesk
Tuesday, April 30, 2019

Surjewala-Modi

കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. മോദി സർക്കാരിന്‍റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57 ശതമാനം വർധിച്ചെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്‍റെ രേഖകൾ പുറത്തുവിട്ടു കൊണ്ടാണ് കോൺഗ്രസിന്‍റെ ആരോപണം.

കഴിഞ്ഞ 4 വർഷ കാലയളവിനിടയിൽ 30 ലക്ഷം കോടിയിലധികം തുക അധിക വായ്പയായി കടമെടുത്തു. മോദി സർക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം മോദി സർക്കാർ ഏഴ് ലക്ഷം കോടിയിലധികം തുക വായ്പയെടുത്തു. ഇതും കൂടി ചേർത്താൽ നിലവിൽ രാജ്യത്തിന്‍റെ പൊതുകടം 90 ലക്ഷം കോടിയിലധികമാണെന്നും സുർജേവാല പറഞ്ഞു.

‘2014 വരെ രാജ്യത്തിന്‍റെ പൊതുകടം 53,11,081 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് 57 ശതമാനം വര്‍ധിച്ച് 83,40,026 കോടി രൂപയായി. അതായത് മോദി ഭരണകാലത്ത് മാത്രം കടമെടുത്തത് 30 ലക്ഷം കോടിയിലേറെ രൂപയാണ്’ – സുര്‍ജെവാല പറഞ്ഞു.

‘അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ രാജ്യത്തെ ഓരോ പൌരനും 23,300 രൂപയുടെ കടബാധ്യതയുടെ ഭാരം പേറുന്നവരായി. നിലവില്‍ ഓരോ പൌരന്‍റേയും കടബാധ്യത എന്നത് 64,154 രൂപയാണ്. കഴിഞ്ഞ 70 വര്‍ഷ കാലയളവില്‍ 40,854 രൂപയായിരുന്നതാണ് മോദിയുടെ വെറും അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് 23,300 രൂപ വര്‍ധിച്ച് 64,154 ആയത് ‘ – സുര്‍ജെവാല വ്യക്തമാക്കി.[yop_poll id=2]