കൊവിഡ് വാക്സിന്‍ ; നാല് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും ഡ്രൈ റണ്‍

Jaihind News Bureau
Monday, December 28, 2020

രാജ്യത്ത് കൊവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ ഡ്രൈ റണ്ണിന് ഇന്ന് തുടക്കം. ആന്ധ്രാ പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. അടിയന്തര ഉപയോഗത്തിനായി കോവിഷീല്‍ഡ് സമർപ്പിച്ച അപേക്ഷ പരിശോധനയുടെ അവസാനഘട്ടത്തിലാണ്.

കൊവിഡ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി അടുത്ത ആഴ്ച നൽകും എന്നാണ് വാർത്തകൾ. ഇതിന് പിന്നാലെയാണ് ഡ്രൈ റണ്‍. ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവടങ്ങളിലെ 2 വീതം ജില്ലകളിലും 5 വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങളിലുമാണ് ഡ്രൈ റണ്‍.

കുത്തിവെപ്പെടുക്കല്‍, പ്രത്യേഘാതം ഉണ്ടായാല്‍ കൈകാര്യം ചെയ്യല്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങിയവ നിരീക്ഷിക്കും. ശീതികരണ സംവിധാനങ്ങളുടെ പരിശോധനയും നടത്തും. ശേഷം രണ്ട് ദിവസത്തെ വിലയിരുത്തലുകള്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്ക് കൈമാറും. ഓക്ഫോർഡ് സർവകലാശാലയും പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് മാത്രമാണ് വിശദമായ വിവരങ്ങള്‍ അടങിയ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇത് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡാർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ പരിശോധിച്ചുവരികയാണ്. കോവാക്സിനും ഫൈസറും കൂടുതല്‍ വിശദാംശങ്ങള് ഉള്‍പ്പെടുത്തി അപേക്ഷ സമർപ്പിച്ചിട്ടില്ല.