ഇന്ത്യക്കാർ അടിയന്തരമായി കീവ് വിടണം; നിർദേശം നല്‍കി എംബസി

Jaihind Webdesk
Tuesday, March 1, 2022

കീവ്: ഇന്ത്യക്കാരോട് അടിയന്തരമായി കീവ് വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. യുക്രെയ്ൻ തലസ്ഥാനമായ കീവ് റഷ്യൻസേന വളഞ്ഞു.   ട്രെയിനിലോ ലഭ്യമാകുന്ന വാഹനങ്ങളിലോ കയറി ഇന്നുതന്നെ അതിര്‍ത്തിയിലെത്താനാണ് നിര്‍ദേശം. കീവിലേക്ക് റഷ്യയുടെ വന്‍സൈനിക വ്യൂഹം എത്തുന്ന സാഹചര്യത്തിലാണ് അടിയന്തര നിര്‍ദേശം.

അതേസമയം യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ഓപ്പറേഷൻ ഗംഗ ദൗത്യത്തിലേക്ക് വ്യോമസേനയും കൈകോർക്കുന്നു. വ്യോമസേനയുടെ ചരക്ക് വിമാനങ്ങളാണ് യുക്രെയ്ന്‍റെ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഇന്ന് രാത്രിയോടെ തന്നെ വ്യോമസേനയുടെ വിമാനം ഡൽഹിയിൽ നിന്നും പുറപ്പെടും. വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ രക്ഷാദൗത്യത്തിൽ പങ്കെടുക്കും.
രക്ഷാദൗത്യത്തിനായി സ്വകാര്യ വിമാനങ്ങളെയാണ് കേന്ദ്രസർക്കാർ ആശ്രയിച്ചിരുന്നത്. എന്നാൽ അതിർത്തികളിലേക്ക് കൂടുതൽ ഇന്ത്യക്കാർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യവിമാനങ്ങൾ മാത്രം ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ ഫലം കാണില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് ഓപ്പറേഷൻ ഗംഗാ ദൗത്യത്തിൽ വ്യോമസേനയെയും പങ്കെടുപ്പിക്കുന്നത്.

അതിനിടെ ഇന്ന് രാവിലെ കീവിന് സമീപം ആശുപത്രിയിൽ ഷെല്ലാക്രമണം നടന്നു. ബുസോവയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കീവിലെ പുനരധിവാസ മേഖലകളിലും ഷെല്ലാക്രമണം നടന്നു. അതേസമയം യുക്രെയ്ന്‍റെ ഭാഗത്തുനിന്ന് ചെറുത്തുനിൽപ്പ് തുടരുകയാണ്.