ഗോവധം: യു.പിയിലെ ബുലന്ദ്ഷഹറില്‍ കലാപം; പോലീസുദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേര്‍‌ കൊല്ലപ്പെട്ടു

Jaihind Webdesk
Monday, December 3, 2018

UP-Cow-Slaughter-3

പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധത്തെ ചൊല്ലി കലാപം. ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. വിവരം അറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പോലീസിനെതിരെ തിരിയുകയായിരുന്നു. തുടര്‍ന്നുണ്ടായ കല്ലേറിലാണ് ഇൻസ്പെക്ടർ സുബോധ് കുമാർ മരിച്ചത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടർന്നാണ് സുബോധ് കുമാര്‍ മരിച്ചത്. പ്രക്ഷോഭകരുടെ കൂട്ടത്തിലുണ്ടായിരുന്ന 18 വയസുകാരനാണ് സംഘര്‍ഷത്തില്‍ മരിച്ച മറ്റൊരാള്‍. ഒരു പോലീസുദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിറ്റുമുണ്ട്.

UP-Cow-Slaughter-1

കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍

പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടം തങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിക്കുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി. യോഗി ഭരിക്കുന്ന സംസ്ഥാനത്തിന്‍റെ അവസ്ഥ പരിതാപകരമാണെന്നും  ഇത് ഓരോ ദിവസവും ദുരിതപൂര്‍ണമായിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ക്കും പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളതെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജ് ബാബര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചരണമവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.[yop_poll id=2]