ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നാളെ: വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ

 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ (ഐഎല്‍സി) ഭാരവാഹി തെരഞ്ഞെടുപ്പ് നാളെ. ഹൈക്കോടതി വളപ്പില്‍ സജ്ജമാക്കുന്ന പോളിംഗ് കേന്ദ്രത്തില്‍ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ്. ഇത് ആദ്യമായാണ് ഐഎല്‍സിയില്‍ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്തെ 87 കോര്‍ട്ട് സെന്‍ററുകളിലും ശക്തമായ യൂണിറ്റുള്ള ഏറ്റവും കൂടുതല്‍ അംഗബലമുള്ള അഭിഭാഷക സംഘടനയാണ് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്. അഡ്വ. മരിയാപുരം ശ്രീകുമാറാണ് ലോയേഴ്‌സ് കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി. സജീവമായി പ്രാക്ടീസുള്ള ക്രിമിനല്‍ അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം സംഘടന നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തുകയും വിശദ റിപ്പോര്‍ട്ട് കെപിസിസിക്കു കൈമാറുകയും ചെയ്തു. വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് നടക്കാതെ സംഘടനയില്‍ സംസ്ഥാന ഘടകത്തിലുള്ള 20 അംഗങ്ങളില്‍ 16 പേരും ഹൈക്കോടതിയില്‍ നിന്ന് മാത്രമായി തുടരുകയായിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തിലുള്ള സമിതി വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐഎല്‍സി സംസ്ഥാന കമ്മിറ്റി പിരിച്ചു വിടാനും ബൈലോ അനുസരിച്ച് പുനഃസംഘടന നടത്താനും അഡ്വ. മരിയാപുരം ശ്രീകുമാര്‍, കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ എന്നിവരെ കെപിസിസി പ്രസിഡന്‍റ് ചുമതലപ്പെടുത്തി.

സംസ്ഥാന വരണാധികാരിയായി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. വത്സലനെ ചുമതലപ്പെടുത്തി. ഹൈക്കോടതി ഉള്‍പ്പടെ 15 ജില്ലാതല വരണാധികാരികളെ നിയമിക്കുകയും ഇലക്ഷന്‍ നടപടികളുമായി ധൃതഗതിയില്‍ മുന്നോട്ടു പോകുകയും ചെയ്തു. ബൈലോ അബുസരിച്ച് അംഗങ്ങളുടെ 10% സംസ്ഥാന കമ്മിറ്റിയിലേക്കും 20% ജില്ലാ കമ്മിറ്റികളിലേക്കുമാണ് തിരഞ്ഞെടുത്ത് അയക്കേണ്ടത്. സംസ്ഥാന ജില്ലാ കൗണ്‍സില്‍ അംഗങ്ങളാകുന്നവരില്‍ നിന്നാണ് സംസ്ഥാനത്തെയും ജില്ലകളിലെയും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അംഗത്വവിതരണം പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ എത്രയും വേഗം അംഗത്വ വിതരണം പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെപിസിസി വൈസ് പ്രസിഡന്‍റായിരുന്ന ലാലി വിന്‍സെന്‍റ്, മുന്‍ ഡിജിപിയും ഐഎല്‍സി സംസ്ഥാന പ്രസിഡന്‍റുമായിരുന്ന അഡ്വ. അസഫലി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അഭിഭാഷകാരായ അര്‍ഹതയുള്ള ചെറുപ്പക്കാരും വനിതകളും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന കമ്മിറ്റികള്‍ സംസ്ഥാനം മുഴുവനും നിലവില്‍ വരുന്നത് സംഘടനയ്ക്ക് കൂടുതല്‍ കരുത്തും ഊര്‍ജവും പകരുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു. അതോടൊപ്പം ഐഎല്‍സി യുടെ സേവനം കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നിയമ സഹായം എത്തിക്കുന്നതിനുള്ള വേദിയാക്കി മാറ്റാണ് കെപിസിസി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment