പ്രവാചക നിന്ദയില്‍ ബിജെപി പ്രസ്താവന മാധ്യമങ്ങള്‍ക്ക് നല്‍കി മസ്‌കറ്റ് ഇന്ത്യന്‍ എംബസി; വിവാദം പുതിയ തലത്തിലേക്ക്; പ്രതിഷേധം ശക്തം

 

മസ്‌കറ്റ് : ഇന്ത്യയില്‍ ബിജെപി വക്താക്കള്‍ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവന മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി വഴി വിതരണം ചെയ്ത സംഭവത്തില്‍ വിവാദം കനക്കുന്നു. ഈ നടപടിക്കെതിരെ ശശി തരൂര്‍ എം പി ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തിയതോടെ വിവാദം കൂടുതല്‍ രൂക്ഷമാകുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തു.

ഒമാനിലെ ഇന്ത്യന്‍ എംബസി കമ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ ഇ മെയിലിലൂടെയാണ് ഒമാനിലെ മാധ്യമങ്ങള്‍ക്ക് ഈ കത്ത് കൈമാറിയത്. ഇന്ത്യയില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ട്വീറ്റ് എംബസി റീട്വീറ്റ് ചെയ്യുകയും ചെയ്തു. ബിജെപി ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക് എതിരാണ് എന്നായിരുന്നു പ്രസ്താവനയിലെ ഉള്ളടക്കം. എന്നാല്‍, സംഭവത്തില്‍ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങളും രംഗത്തെത്തി.

കേന്ദ്ര സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം എംബസി ഉദ്യോഗസ്ഥര്‍ തിരിച്ചറിയണമെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. ഇതും വലിയ വൈറലായി മാറി. ഇതിനിടെ ഇന്ത്യന്‍ എംബസികള്‍ ബിജെപിയുടെ റബര്‍ സ്റ്റാമ്പായി മാറിയതായി ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ ആരോപിച്ചു.

Comments (0)
Add Comment