മുംബൈ: ഇന്ത്യന്‍ വിപണിയില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികള്‍ ആരംഭിച്ചത് നോട്ട് നിരോധനത്തിലൂടെ തന്നെയെന്ന് സമ്മതിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്തയുടെ റിപ്പോര്‍ട്ട്. ദിവസങ്ങള്‍ കഴിയുന്തോറും നോട്ട് നിരോധനത്തിന്റെ ആഘാതം വര്‍ദ്ധിച്ചുവരികയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായി ധനകാര്യ കമ്മീഷന് അംഗം ഗോവിന്ദ് റാവു വ്യക്തമാക്കുന്നു. ആറുവര്‍ഷമായി നിരന്തര വളര്‍ച്ചയിലായിരുന്ന ഉപഭോക്തൃ ചരക്ക് വായ്പകളുടെ റെക്കോര്‍ഡ് നോട്ട് നിരോധനത്തോടെ കുത്തനെ ഇടിയുകയായിരുന്നു.
ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണ്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്തൃ വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം ഇത് 73 ശതമാനമായി കുറഞ്ഞ് 5,623 കോടിയായി. 2017-18 ല്‍ ഇതില്‍ 5.2 ശതമാനത്തിന്റെ ഇടിവ് ഉണ്ടാവുകയും 2018-19 ല്‍ ഇതില്‍ 68 ശതമാനത്തിന്റെ ഇടിവും ഉണ്ടായി.
ഈ വര്‍ഷവും ഉപഭോക്തൃ വായ്പയില്‍ ഇടിവ് രേഖപ്പെടുത്തി. റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം 10.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും 14 ാമത് ധനകാര്യ കമ്മീഷന് അംഗം ഗോവിന്ദ് റാവു പറഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷമാണ് മാന്ദ്യമുണ്ടാകാന്‍ തുടങ്ങിയതെന്നതിന് രണ്ടു കാര്യങ്ങളുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ പണമിടപാടില്‍ ഗുരുതര പ്രശ്നങ്ങളുണ്ടായി. ഇത് പല സംരംഭങ്ങളെയും അടച്ചുപൂട്ടലിലേക്ക് എത്തിക്കുകയും ചെയ്തു. രണ്ടാമത്തെ ഘടകം, ഇതേ വര്‍ഷം തന്നെ തൊഴിലില്ലായ്മയും രൂക്ഷമായി. ജനങ്ങളുടെ കൈകളില്‍ ഉപഭോക്തൃ ലക്ഷ്യത്തിനായി വിനിയോഗിക്കാന്‍ ആവശ്യത്തിന് പണില്ലാത്ത അവസ്ഥയുമുണ്ടായെന്ന് ഗോവിന്ദ് റാവു കൂട്ടിച്ചേര്‍ത്തു.