ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം. ഒരു കേണലും രണ്ട് സൈനികരും വീരമൃത്യു വരിച്ചു. പ്രശ്‌നപരിഹാരത്തിനായി ഇരുസേനകളും ചർച്ച ആരംഭിച്ചു. ഗൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു പ്രകോപനമുണ്ടായത്.
ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ 1975നുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഭാഗത്ത് ജീവഹാനി ഉണ്ടാകുന്നത്.
ഇന്ത്യ-ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയാണ് ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‌വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറാണു വീരമൃത്യു വരിച്ച കേണൽ.
ഇന്ത്യ ചൈന അതിർത്തിയിൽ മൂന്ന് സൈനികരുടെ ജീവനുകൾ പൊലിഞ്ഞ പശ്ചാത്തലത്തിൽ ഇനി സൈനികചർച്ചയല്ല മറിച്ച് നയതന്ത്രചർച്ച അനിവാര്യമാണെന്ന് മുൻ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആൻറണി പറഞ്ഞു. ചൈനക്ക് ഗൂഢലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചൈനയ്ക്ക് അതിർത്തിരേഖ സംബന്ധിച്ചുള്ള വെറും തർക്കം മാത്രമല്ല ഉള്ളത്. ഇത് സംബന്ധിച്ച് കേന്ദ്രം വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.