ത്രില്ലർ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് കപ്പടിച്ച് ടീം ഇന്ത്യ; ട്വന്‍റി20-യില്‍ ഇന്ത്യയുടെ രണ്ടാം കിരിടനേട്ടം

 

ബാർബഡോസ്: ട്വന്‍റി 20 ലോകകപ്പിലെ ആവേശ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് കിരീടം സ്വന്തമാക്കി ടീം ഇന്ത്യ. ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോൽപ്പിച്ചാണ് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വീണ്ടും കിരീടം തിരിച്ചുപിടിച്ചത്.  ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176, ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റിന് 169.

ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് റൺസെടുക്കാനാനേ ആയുള്ളൂ. ഇന്ത്യയുടെ 177 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറിൽ 169-8 റൺസിൽ അവസാനിച്ചു. ഹെൻറിച് ക്ലാസൻ 52 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായി. ട്രിസ്റ്റൻ സ്റ്റബ്‌സ് (31), ക്വിന്‍റൺ ഡികോക്ക് (39) എന്നിവർ ചെറുത്തുനിന്നെങ്കിലും അവസാന ഓവറിൽ ഇന്ത്യ കളി തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കോഹ്ലിയുടെ മികവിലാണ് (59 പന്തിൽ 76) മികച്ച സ്‌കോറിലേക്കെത്തിയത്. അക്സർ പട്ടേൽ 31 പന്തിൽ 47 റൺസുമായി കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജും നോർക്യെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടൂർണമെന്‍റിലുടനീളം മികച്ച ഫോമിലായിരുന്ന രോഹിത് ശർമ ഫൈനല്‍ മത്സരത്തില്‍ നിരാശപ്പെടുത്തി. കേശവ് മഹാരാജിന്‍റെ ഓവറിൽ ഹെന്‍റിച് ക്ലാസന് ക്യാച്ച് നല്‍കി മടങ്ങിയ രോഹിത്തിന് ഒമ്പതു റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. തൊട്ടു പിന്നാലെ ഋഷഭ് പന്ത് പൂജ്യത്തിന് പുറത്തായി. സൂര്യകുമാർ യാദവും (3)പുറത്തായതോടെ ഇന്ത്യ 45-3 എന്ന നിലയില്‍ പരുങ്ങലിലായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലി-അക്സർ പട്ടേൽ (431 പന്തില്‍ 47) കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കെത്തിച്ചത്. അക്സർ പട്ടേലിന് പിന്നാലെയെത്തിയ ശിവം ദുബെ 16 പന്തിൽ 27 റൺസുമായി തിളങ്ങി.

ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടമാണിത്. ധോണിയുടെ നായകത്വത്തില്‍ 2007-ലായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടനേട്ടം. ധോണിക്കു ശേഷം ലോകകപ്പ് ഉയർത്തുന്ന ക്യാപ്റ്റനായി രോഹിത് ശർമ. അർധ സെഞ്ചറിയുമായി ഇന്ത്യൻ ഇന്നിംഗ്സിന്‍റെ നട്ടെല്ലായ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.

Comments (0)
Add Comment