ഓസ്ട്രേലിയന്‍ മണ്ണില്‍ വീണ്ടും ചരിത്രമെഴുതി കോഹ് ലിയും സംഘവും. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. മെല്‍ബണ്‍ ഏകദിനത്തില്‍ 7 വിക്കറ്റിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി 2-1ന് ഇന്ത്യ പരമ്പര നേടി. പഴയ ഫിനിഷിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച ധോണി വിജയശില്പി ആവുകയും യുസ്വേന്ദ്ര ചാഹലും കേദാർ ജാദവും നിർണായക സംഭാവന നൽകി ഒപ്പം നില്‍ക്കുകയും ചെയ്തപ്പോള്‍ വഴിമാറിയത് വര്‍ഷങ്ങളുടെ ക്രിക്കറ്റ് ചരിത്രം. ടെസ്റ്റ് വിജയത്തിന് പിന്നാലെ ഏകദിന പരമ്പരയും നേടിയ ഇന്ത്യയ്ക്ക് ഇത് ഇരട്ടി മധുരവും.
മെല്‍ബണില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ 87 റണ്‍സ് നേടിയ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ഒരു ഫിനിഷറുടെ റോള്‍ കൃത്യമായി നിര്‍വഹിച്ചതോടെ ഇന്ത്യ ആതിഥേയരെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ചരിത്രം കുറിച്ചു. ഓസീസ് ഉയര്‍ത്തിയ 230 റണ്‍സ് 49.2 ഓവറില്‍ ഇന്ത്യ അവര്‍ മറകടന്നു. അർധ സെഞ്ച്വറി നേടിയ കേദാർ ജാദവും(61), 46 റൺസ് നേടിയ വിരാട് കോലിയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സംഭാവന നല്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യക്കായിരുന്നു.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 15 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടമായി. പിന്നാലെ ശിഖർ ധവാനും (23) കൂടാരം കയറി. അധികം വൈകാതെ സ്റ്റോയിനിസിന്റെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി ധവാൻ മടങ്ങി. പിന്നീട് കോലി- ധോണി സഖ്യം ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും കോലിയെ വിക്കറ്റ് കീപ്പർ അലക്സ് കാരെയുടെ കൈകളിലേയ്ക്ക് റിച്ചാർഡ്സൺ എത്തിച്ചപ്പോള്‍ ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. എന്നാൽ 118 റൺസിന്റെ മികച്ച കൂട്ടുകെട്ടിലൂടെ ധോണിയും ജാദവും ഇന്ത്യയെ വിജയതീരത്തെത്തിക്കുക തന്നെ ചെയ്തു.
നേരത്തെ, യൂസ്വേന്ദ്ര ചാഹലിന്റെ തകർപ്പൻ ബൗളങ്ങിന്റെ പിൻബലത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 230ന് ഒതുക്കിയിരുന്നു. 10 ഓവറിൽ 42 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ചാഹലിന്റെ പ്രകടനത്തിൽ ഓസീസ് തകർന്നടിഞ്ഞു. 48.4 ഓവറിൽ 230ന് എല്ലാവരും പുറത്തായി. ഏകദിനത്തിൽ ചാഹലിന്റെ മികച്ച പ്രകടനമായിരുന്നു ഇത്.
58 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്കോംപാണ് ഓസീസിന്റെ ടോപ് സ്കോറർ. ദയനീയമായ തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുന്നതില്‍ നിന്നും ഓസീസിനെ കരകയറ്റിയത് ഷോൺ മാർഷ്- ഉസ്മാൻ ഖവാജ സഖ്യമായിരുന്നു. എന്നാൽ ഇരുവരേയും ഒരു ഓവറിൽ പുറത്താക്കി ചാഹൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
പിന്നാലെ എത്തിയ മാർകസ് സ്റ്റോയിനിസ് (10), ഗ്ലെൻ മാക്സ്വെൽ (26), ജേ റിച്ചാർഡ്സൺ (16), ആഡം സാംപ (8), സ്റ്റാൻലേക്ക് (0) തുടങ്ങി പിന്നീടെത്തിയ ആർക്കും പിടിച്ചുനില്ക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഏക തുണയായത് ഹാൻഡ്സകോംപിന്റെ ഇന്നിങ്സ് ആയിരുന്നു. പീറ്റർ സിഡിൽ പുറത്താവാതെ നിന്നു.
ജയത്തോടെ ഓസീസ് മണ്ണിൽ ആദ്യമായി ഇന്ത്യൻ പരമ്പര എന്ന സ്വപ്നസാക്ഷാത്കാരവും നടന്നു. ഇനി ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ന്യൂസിലന്റ് പര്യടനവും അതിന് പിന്നാലെ എത്തുന്ന ലോകകപ്പുമാണ്.