ദേശീയ സൗരോർജ്ജ മിഷന് കീഴിൽ 2022 ആകുമ്പോഴേക്കും 100 ഗിഗാ വാട്ട് സൗരോർജ്ജ ഉല്പാദനത്തിനുള്ള ഗ്രിഡ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ആർ.കെ സിങ്. ടി.എൻ. പ്രതാപൻ എം പിയുടെ ചോദ്യത്തിന് മറുപടിയായി ലോക സഭയിൽ രേഖാമൂലം അറിയിച്ചു. 2019 ജൂൺ 30 വരെ 29.55 ഗിഗാ വാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഗ്രിഡുകൾ രാജ്യത്ത് കമ്മീഷൻ ചെയ്തു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
121 രാജ്യങ്ങൾ അംഗങ്ങളായുള്ള രാജ്യാന്തര സൗരോർജ്ജ സഖ്യത്തിന് നിലവിൽ ആതിഥ്യം വഹിക്കുന്ന രാജ്യമെന്ന നിലക്ക് രാജ്യാന്തരതലത്തിൽ പ്രത്യേക ധന സഹായം ലഭ്യമായിട്ടുണ്ടോ എന്ന ടി.എൻ പ്രതാപന്റെ ചോദ്യത്തിന് അങ്ങനെ പ്രത്യേക ധനസഹായം ലഭ്യമായിട്ടില്ലെന്നും രാജ്യാന്തര സൗരോർജ്ജ സഖ്യത്തിന്റെ ഭാഗമെന്നോണം സൗരോർജ്ജ ഉത്പാദനത്തിന് പ്രത്യേക ലക്ഷ്യം നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി മറുപടി നൽകി.