സാഫ് കപ്പ് ഫുട്‌ബോൾ : സെമിയിൽ നാളെ ഇന്ത്യ പാക് പോരാട്ടം

Jaihind Webdesk
Tuesday, September 11, 2018

സാഫ് കപ്പ് ഫുട്‌ബോൾ സെമിയിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാലിദ്വീപിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്.

ധാക്കയിൽ വച്ചു നടന്ന മത്സരത്തിൽ നിഖിൽ പൂജാരിയും മൻവിർ സിംഗുമാണ് ഇന്ത്യക്കു വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ മുപ്പത്തിയാറ്, നാൽപത്തിനാലു മിനുട്ടുകളിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും.

ആദ്യ മത്സരത്തിൽ ശ്രീലങ്കയെയും ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ മലയാളി താരം ആഷിഖ് കുരുണിയനടക്കം അഞ്ചു മാറ്റങ്ങൾ ടീമിൽ വരുത്തിയാണ് ഇന്ത്യ മാലിദ്വീപിനെതിരെ ഇറങ്ങിയത്. എന്നാൽ അതിന്റെ കുറവുകൾ കാണിക്കാതെ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിക്കുന്ന ഇന്ത്യയെയാണ് മത്സരത്തിൽ കണ്ടത്. ആദ്യ പതിനഞ്ചു മിനുട്ടിൽ തന്നെ പൂജാരി രണ്ടു ഗോളുകൾ നേടേണ്ടിയിരുന്നു. എന്നാൽ അതിന്റെ ക്ഷീണം തീർത്ത് താരം തന്നെ ഗോൾ നേടി. ഫറൂഖ് ചൗധരിയുമൊന്നിച്ചു നടത്തിയ നീക്കത്തിൽ നിന്നാണ് താരം ഇന്ത്യക്കു വേണ്ടി തന്റെ ആദ്യ ഗോൾ നേടിയത്.

പത്തു മിനുട്ട് തികയുന്നതിനു മുൻപ് രണ്ടാം ഗോൾ വന്നു. അനിരുദ്ധ് ഥാപയുടെ പാസിൽ നിന്നാണ് എഫ്‌സി ഗോവ താരമായ മൻവിർ ഇന്ത്യക്കു വേണ്ടി തന്റെ ആദ്യ ഗോൾ നേടിയത്.

രണ്ടു ഗോളിനു മുന്നിലെത്തിയതോടെ രണ്ടാം പകുതിയിൽ ഇന്ത്യ അലസമായാണ് കളിച്ചത്. ചില ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. സെമിയിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ മാലിദ്വീപും നേപാളും തമ്മിൽ ഏറ്റുമുട്ടും.