ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. മൂന്നാം ജയം തേടി ഇന്ത്യ ഇറങ്ങുമ്പോൾ 3 മത്സരങ്ങൾ ജയിച്ച് പോയിന്റ് നിലയിൽ ഒന്നാമതായാണ് ന്യൂസിലന്റ് എത്തുന്നത്. ട്രെന്റ്ബ്രിഡ്ജിൽ വൈകീട്ട് 3 മണിക്ക് നടക്കുന്ന മത്സരത്തിൽ മഴ ഭീഷണി ഉയർത്തുന്നുണ്ട്.
രണ്ട് ജയവുമായി ടീം ഇന്ത്യ കുതിപ്പ് തുടരുമ്പോൾ വരാനിരിക്കുന്ന മത്സരം ന്യൂസിലന്റുമായാണ്. മൂന്ന് തകർപ്പൻ വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ന്യൂസിലന്റ്. രണ്ട് ടീമുകളും നേർക്കുനേർ പോരിനിറങ്ങുമ്പോൾ, ജയം ആർക്കൊപ്പമാണെന്ന് പ്രവചിക്കുക അസാധ്യം.
ലോകകപ്പിൽ കിരീട സാധ്യത ഏറെയുള്ള ടീമുകളാണ് ഇന്ത്യയും ന്യൂസിലന്റും. ലോകകപ്പിന് മുമ്പ് തന്നെ മികച്ച ഫോം തുടരുന്ന ഇന്ത്യ ഇത്തവണ എല്ലാ ടീമുകൾക്കും വെല്ലുവിളിയാണ്. മികച്ച ഫോം തുടരുന്ന മുൻനിര ബാറ്റിങ്ങും, സ്ഥിരതയാർന്ന ബൗളിങ്ങും ഇന്ത്യ ലോകകപ്പിലും തുടർന്നു. മുൻനിര ടീമുകളായ ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കുമെതിരെ ആധികാരിക ജയം ഇന്ത്യ നേടിയത് ഇതിന് ഉദാഹരണം. ശിഖർ ധവാനും വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഹർദ്ദിക്ക് പാണ്ഡ്യയും ധോണിയുമെല്ലാം ഫോം നിലനിർത്തുന്നുവെന്നത് വരും മത്സരങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷയാണ്. കിവീസിനെതിരെ ടീം ഇന്ത്യ കോപ്പുകൂട്ടുമ്പോൾ ഇന്ത്യയുടെ ആത്മവിശ്വാസം ഇതിലൂടെയൊക്കെ വ്യക്തമാക്കാം.
അതേസമയം മുൻകാല മത്സരങ്ങളെ അപേക്ഷിച്ച് ഏറ്റവും നല്ല ഫോമിലാണ് കിവീസും കളത്തിലിറങ്ങുന്നത്. കെയ്ൻ വില്യംസണിന്റെ നേതൃപാടവം തന്നെയാണ് എടുത്തുപറയേണ്ടത്. മാർട്ടിൻ ഗപ്ടിൽ കേൻ വില്യംസൺ, റോസ് ടെയ്ലർ എന്നിവർ നയിക്കുന്ന ബാറ്റിങ്ങ് നിര ഏതു ടീമിനും വെല്ലുവിളി തന്നെയാണ്. ബംഗ്ലാദേശ് , ശ്രീലങ്ക അഫ്ഗാൻനിസ്ഥാൻ ടീമുകൾക്കെതിരെയുള്ള ജയവുമായിയാണ് ടീം എത്തുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ജയം മാറ്റി നിർത്തിയാൽ ആധികാരിക ജയമായിരുന്നു ശ്രീലങ്കക്കെതിരെയും അഫ്ഗാനെതിരെയും കിവികൾ നേടിയത്. ഇന്ത്യക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യം കിവീസിനുണ്ടാകും എന്നുറപ്പ്. വിദഗ്ദരുടെ നിരീക്ഷണങ്ങളും മത്സരത്തിന് മുമ്പ് തന്നെ ഉണ്ടായി. ടീമിന് സമ്മർദമൊന്നുമില്ലെന്ന് മുൻ താരം ഡാനിയൽ വെറ്റോറി പറയുന്നു. ഇന്ത്യക്കെതിരായ മത്സരം വലിയ പോരാട്ടമാണെന്നും താരം പറഞ്ഞു. പക്ഷേ ഈ മത്സരത്തിലെ ഫലം കൊണ്ട് കിവീസിനെ വിലയിരുത്താൻ ആർക്കും സാധിക്കില്ലെന്നും വെറ്റോറി പറഞ്ഞു.
തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ വിജയിച്ചത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യക്കെതിരെയുള്ള മത്സരം കടുത്തതാണ്. ഏറ്റവും മികച്ച പോരാട്ടം പുറത്തെടുക്കണം.
നിലവിൽ ലോകത്തെ മികച്ച ടീമാണ് ഇന്ത്യയെന്നും വെറ്റോറി ചൂണ്ടിക്കാട്ടുന്നു. അവർക്കെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. ഇന്ത്യൻ ആരാധകരുടെ ഗ്രൗണ്ട് സപ്പോർട്ടിനെയും ന്യൂസിലന്റ് മറികടക്കേണ്ടതുണ്ടെന്നും വെറ്റോറി പറഞ്ഞു. ട്രെന്റ് ബ്രിഡ്ജിലെ പോരാട്ടം ആർക്കൊപ്പമാകുമെന്ന ആകാഷയിലാണ് ക്രിക്കറ്റ് ആരാധകർ.