ലോകകപ്പിനു മുൻപ് മറ്റൊരു ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. 2-0ന് മുന്നിലാണ് ഇന്ത്യ.
ആദ്യ രണ്ടു മത്സരങ്ങളിലും ഓസ്ട്രേലിയ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ബൗളർമാരുടെ മികവാണ് ഇന്ത്യയെ കാത്തത്. റാഞ്ചിയിലേതും വേഗം കുറഞ്ഞ പിച്ചാണ്. ബാറ്റിങ് എളുപ്പമായിരിക്കില്ല.
മഹേന്ദ്രസിങ് ധോണിയുടെ നാടാണ് റാഞ്ചി. രണ്ടര വർഷംമുമ്ബ് ന്യൂസിലൻഡുമായാണ് അവസാനമായി കളിച്ചത്. അന്ന് 19 റണ്ണിന് തോറ്റു. അന്ന് ധോണിയായിരുന്നു ക്യാപ്റ്റൻ. ഇപ്പോൾ വിരാട് കോഹ്ലിയും.
ഇന്ത്യൻ നിരയിൽ ഇന്ന് മാറ്റങ്ങളുണ്ടായേക്കും. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരിലൊരാൾക്കു പകരം ഭുവനേശ്വർകുമാർ കളിച്ചേക്കും. ലോകേഷ് രാഹുൽ, ഋഷഭ് പന്ത് എന്നിവർക്ക് അവസരം കിട്ടാൻ സാധ്യതയില്ല. മോശം ഫോമിലുള്ള ശിഖർ ധവാന് ഒരു അവസരംകൂടി നൽകിയേക്കും. അമ്പാട്ടി റായിഡുവിനു പകരം നാലാം നമ്പറിൽ വിജയ് ശങ്കറിന് സ്ഥാനക്കയറ്റം നൽകിയേക്കും.
മറുവശത്ത് ഓസീസ് എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കാം. സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ എന്നീ വമ്പന്മാരുടെ അഭാവത്തിലും ഓസീസ് പൊരുതിക്കളിക്കുന്നുണ്ട്. ബാറ്റിങ്ങിലെ പോരായ്മകൾ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഓസീസ്.