ഇന്ത്യൻ ടീമിന്‍റെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് നാളെ തുടക്കം. കൊൽക്കത്ത ഈഡൻ ഗാർഡൻസ് മറ്റൊരു ചരിത്രം കുറിക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ്. നാളെയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരത്തിന് ഈഡനിൽ തുടക്കമാകുന്നത്.
ടെസ്റ്റ് മത്സരത്തിൽ ഉപയോഗിക്കുന്ന ചുവന്ന പന്തിന് പകരം പിങ്ക് നിറത്തിലുള്ള പന്താണ് ഉപയോഗിക്കുന്നത്. ടെസ്റ്റിലെ ഓരോ ദിവസത്തെയും മത്സരം ഉച്ചക്ക് ഒരു മണിക്ക് തുടങ്ങി രാത്രി എട്ടു മണിക്ക് അവസാനിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ആദ്യ സെഷൻ വൈകീട്ട് മൂന്നു മണിയോടെ പൂർത്തിയാകും. 3:40 മുതൽ 5:40 വരെയാണ് രണ്ടാം സെഷൻ. വൈകീട്ട് ആറു മുതൽ രാത്രി എട്ടു മണി വരെ മൂന്നാം സെഷനും നടക്കും.
പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ മഞ്ഞുകാലം ആരംഭിച്ചതിനാൽ സന്ധ്യ കഴിഞ്ഞുള്ള മഞ്ഞുവീഴ്ച മത്സരത്തെ ബാധിക്കുമെന്നതിനാലാണ് ബി.സി.സി.ഐ ഇത്തരമൊരു നീക്കത്തിലെത്തിയത്. മത്സരം നേരത്തെ ആരംഭിച്ച് എട്ട് മണിക്ക് അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മത്സരം . ഓരോ ദിവസവും കൊൽക്കത്തയിലെ മഞ്ഞുവീഴ്ച മുൻനിർത്തി മത്സരം നേരത്തെ ആരംഭിക്കണമെന്ന് ഈഡൻ ഗാർഡൻസ് ക്യുറേറ്റർ സുജൻ മുഖർജി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയ്ക്കു ശേഷമുള്ള മഞ്ഞുവീഴ്ച കാരണം പിച്ചിലും മൈതാനത്തുമുണ്ടാകുന്ന ഈർപ്പം മത്സരത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പന്തിലെ നനവ് ഇന്ത്യൻ ബൗളർമാർക്കും ബുദ്ധിമുട്ടാകും.
അതേസമയം ഈർപ്പം മത്സരത്തെ ബാധിക്കാതിരിക്കാനുള്ള ഒരുക്കങ്ങളും സി.എ.ബി നടത്തുന്നുണ്ട്. മൈതാനത്തെ പുല്ലിലെ ഈർപ്പം തടയാനുള്ള പ്രത്യേക സ്പ്രേകളും ഒരുക്കിയിട്ടുണ്ട്.