2020ലെ വനിതാ അണ്ടർ 17 ലോകകപ്പിന് ഇന്ത്യ വേദിയാകും. അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫുട്ബാൾ ലോകകപ്പാണിത്.
മിയാമിയിൽ നടക്കുന്ന ഫിഫ കൗൺസിൽ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഏഴാം എഡിഷനാണ് ഇന്ത്യ വേദിയൊരുക്കുക. നിലവിൽ സ്പെയിനാണ് ചാമ്പ്യൻമാർ. രണ്ട് തവണ കിരീടമുയർത്തിയ ഉത്തര കൊറിയയാണ് അണ്ടർ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയ രാജ്യം.
ലോകകപ്പിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2018ൽ ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിച്ചു. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടർ 16 എ എഫ് സി ചാമ്പ്യൻഷിപ്പിൽ മികവ് കാട്ടാൻ കഴിയാതിരുന്ന ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചിരുന്നില്ല.
നേരത്തെ അണ്ടർ 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ട്. സംഘാടനത്തിന്റെ മികവാണ് രണ്ടാമതും ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തൽ. അണ്ടർ 17 പുരുഷ ലോകകപ്പിൽ സ്പെയിനിനെ തോൽപിച്ച് ഇംഗ്ലണ്ടായിരുന്നു ജേതാക്കളായത്.