ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു ഇറങ്ങുമോ എന്ന ആകാംക്ഷയില്‍ ആരാധകർ

 

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ഏകദിന ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോല്‍വിക്ക് ശേഷമാണ് ടീം ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. സെമി പരാജയത്തിന് ശേഷം ദക്ഷിണാഫ്രിക്കയും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്.
കെ.എല്‍. രാഹുലിന്‍റെ നേതൃത്വത്തില്‍ ഇറങ്ങുമ്പോള്‍ മികവ് തെളിയിക്കാന്‍ മത്സരിക്കുന്ന യുവതാരങ്ങളിലേക്കാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്. മലയാളിതാരം സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജു കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ടി 20 യിൽ മികച്ച പ്രകടനം കാഴ്ച വെച്ചറിങ്കുവിനൊപ്പം ബി. സായ്‌ സുദര്‍ശനും അരങ്ങേറ്റം നല്‍കിയേക്കും. രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഉറപ്പായതിനാല്‍ ടീമിലെത്താന്‍ മലയാളിതാരം സഞ്ജു സാംസണ് മത്സരിക്കേണ്ടത് റിങ്കു സിംഗിനോടാണ്. അതെ സമയം ക്വിന്‍റണ്‍ ഡി കോക്ക് പാഡഴിച്ച ദക്ഷിണാഫ്രിക്കന്‍ നിരയിലും മാറ്റമുണ്ട്. പരിക്കേറ്റ റബാഡയും നോര്‍ക്കിയയും ടീമിലില്ല. എങ്കിലും ഡുസന്‍, നായകന്‍ മാര്‍ക്രാം, ക്ലാസന്‍, മില്ലര്‍ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിര ശക്തമാണ്. പൊതുവെ ബാറ്റര്‍മാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റാണ് വാണ്ടറേഴ്‌സിലേത്. അവസാനം നടന്ന നാല് കളിയില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്തവര്‍ 300 റണ്‍സിലേറെ നേടി. ഇത്തവണയും ഇതിന് മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. അതിനാൽ തന്നെ ടോസ് നേടുന്നവർ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Comments (0)
Add Comment