ഇന്ത്യ റഷ്യയിൽ നിന്ന് 543 കോടി ഡോളറിന്‍റെ അഞ്ച് എസ്-400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും. ഇതുസംബന്ധിച്ച കരാർ റഷ്യൻ പ്രസിഡന്റ് വൽദിമിർ പുടിന്‍റെ ഇന്ത്യാസന്ദർശനത്തിനിടെ ഒപ്പുവച്ചു. ഇതു കൂടാതെ പ്രതിരോധം, ആണവോർജം, ബഹിരാകാശം, സാമ്ബത്തികം, റെയിൽവേ, ഗതാഗതം, ചെറുകിട-ഇടത്തരം വാണിജ്യം, രാസവളം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട എട്ടു കരാറുകളും ഒപ്പുവച്ചു.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്‍റുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കരാർ ഒപ്പുവച്ചത്. അമേരിക്കയുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ഇന്ത്യ റഷ്യയിൽ നിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത്. 2020ഓടെ സംവിധാനം ഇന്ത്യക്കു കൈമാറും. രണ്ടു ദിവസത്തെ വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി വ്യാഴാഴ്ചയാണ് പുടിൻ ഡൽഹിയിലെത്തിയത്. റഷ്യക്കെതിരേ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മൂലം ഇന്ത്യക്ക് റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് തടസ്സമുണ്ടായിരുന്നു. അത് അവഗണിച്ചാണ് ഇന്ത്യ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
റഷ്യയെ ശിക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപരോധമെന്നും അത് തങ്ങളുടെ സൗഹൃദരാഷ്ട്രങ്ങളുടെ ആയുധശേഷി ഇല്ലാതാക്കാനുള്ളതല്ലെന്നും കരാർ സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കൻ എംബസി പ്രതികരിച്ചു. എന്നാൽ, ഇന്ത്യക്കെതിരേ ഉപരോധമുണ്ടാവുമോ എന്ന കാര്യം പ്രസ്താവനയിൽ നിന്നു വ്യക്തമല്ല. കൈമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മുൻവിധിയില്ലെന്നും എംബസി വക്താവ് വ്യക്തമാക്കി.
https://youtu.be/rPe7mUZvdeE