ലഡാക്കിൽ നിർമാണം പാടില്ലെന്ന ചൈനീസ് നിലപാട് തള്ളി ഇന്ത്യ

Jaihind News Bureau
Thursday, October 15, 2020

ലഡാക്കിൽ നിർമാണം പാടില്ലെന്ന ചൈനീസ് നിലപാട് തള്ളി ഇന്ത്യ. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനയ്ക്ക് ഒരു കാര്യവുമില്ലെന്നും അവരുടെ നിലപാട് അംഗീകരിക്കില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. അതിർത്തി മേഖലയുടെ അടിസ്ഥാന വികസനത്തിനായി ഇന്ത്യ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരും. ഇതിനെ എതിർക്കാൻ ചൈനയ്ക്ക് ഒരു അധികാരവുമില്ല. ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി. ജമ്മു കശ്മീർ പോലെ തന്നെ അരുണാചൽ പ്രദേശും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ തുടരും. ഈ വസ്തുത ഉന്നത തലത്തിൽ ഉൾപ്പെടെ ചൈനീസ് പക്ഷത്തെ പലതവണ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.