കർത്താപുർ ഇടനാഴി : ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തി

Jaihind Webdesk
Friday, March 15, 2019

കർത്താപുർ ഇടനാഴി യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തി. പുൽവാമ ഭീകരാക്രമണം, ബാലാകോട്ടിൽ ഇന്ത്യയുടെ വ്യോമാക്രമണം എന്നിവയ്ക്കുശേഷം ഉഭയകക്ഷിബന്ധം താറുമാറായിരിക്കുന്ന അവസ്ഥയിലായിരുന്നു ഉഭയകക്ഷി ചർച്ച.

സിക് മതാചാര്യനായ ഗുരു നാനാക് അവസാനകാലം ചിലവിട്ട ഗുരുദ്വാര സ്ഥിതിചെയ്യുന്ന കർതാപുരിൽനിന്ന് പഞ്ചാബിലെ ഗുർദാസ്പുരിലേക്കാണ് ഇടനാഴി നിർമിക്കുന്നത്. ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ട അന്തിമനടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു ചർച്ച. വിശദവും ക്രിയാത്മകവുമായ ചർച്ചയാണു നടന്നതെന്നും കർതാപുർ സാഹിബ് ഇടനാഴി യാഥാർഥ്യമാക്കാൻ യോജിച്ചു പ്രവർത്തിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും അറിയിച്ചു.

അതേസമയം, ഇടനാഴിയുടെ നിയന്ത്രണം ഖാലിസ്ഥാൻ വാദികൾക്കു നൽകാനുള്ള പാകിസ്ഥാൻറെ നീക്കത്തിൽ ചർച്ചയുടെ തുടക്കത്തിൽത്തന്നെ ഇന്ത്യ ആശങ്കരേഖപ്പെടുത്തി. പാകിസ്ഥാൻ ഭാഗത്ത് കർശന സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അട്ടാരി-വാഗ അതിർത്തിയിലായിരുന്നു ചർച്ച.
രണ്ടാമത്തെ ചർച്ച അടുത്തമാസം രണ്ടിന് വാഗയിൽ നടത്താനും തീരുമാനമായി.

19 നു സാങ്കേതിക വിദഗ്ധരുടെ യോഗവും തീരുമാനിച്ചു. കഴിഞ്ഞ നവംബറിലാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ചേർന്ന് കർത്താപുർ ഇടനാഴിയുടെ ഇന്ത്യയിലെ ശിലാസ്ഥാപനം നിർവഹിച്ചത്.