ടോക്യോ ഒളിമ്പിക്സ് : പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം ; നേട്ടം നാല് പതിറ്റാണ്ടിന് ശേഷം

Jaihind Webdesk
Thursday, August 5, 2021

ടോക്യോ : ചരിത്രമെഴുതി ടോക്യോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. വെങ്കല മെഡൽ പോരാട്ടത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ നാല് പതിറ്റാണ്ടിന്‍റെ ചരിത്രം തിരുത്തിക്കുറിച്ചത്. സിമ്രൻജീത് സിംഗിന്‍റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം.

ഒരു ഘട്ടത്തിൽ 3–1ന് പിന്നിലായിരുന്ന ഇന്ത്യ, ഐതിഹാസികമായ തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിംഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മ്മനിക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവരാണ് ഗോള്‍ നേടിയത്. ജര്‍മനി മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ് ഉജ്ജ്വല സേവുകളുമായി കളം നിറഞ്ഞു. അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി.

നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. സെമിഫൈനലിൽ ബൽജിയത്തോട് തോറ്റതോടെയാണ് ഇന്ത്യ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയുമായി മത്സരിച്ചത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബൽജിയം ഇന്ത്യയെ തോൽപ്പിച്ചത്. 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയില്‍ ഒരു മെഡല്‍ നേടുന്നത്.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. വനിതകളുടെ ഭാരോദ്വഹനത്തിൽ മിരാബായ് ചാനു വെള്ളിയും ബാഡ്മിന്‍റൻ സിംഗിൾസിൽ പി.വി സിന്ധു, ബോക്സിംഗിൽ ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവർ വെങ്കലവും നേടി.