26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓര്‍മയില്‍ രാജ്യം

Jaihind Webdesk
Monday, November 26, 2018

മുംബൈയിലെ താജ് പാലസ് ഹോട്ടല്‍

ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പത്ത് വയസ്. ഭീകരരുമായുളള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജ്വലിക്കുന്ന ഓർമയിൽ നാടും കുടുംബവും. ഭീകരാക്രമണത്തിന് പിന്നിൽ ചുക്കാൻ പിടിച്ച എല്ലാ കുറ്റവാളികളെയും വർഷങ്ങൾക്കു ശേഷവും രാജ്യത്തെത്തിക്കാനാകാതെ നിയമസംവിധാനങ്ങൾ.

2008 നവംബർ 26നാണ് അജ്മൽ കസബ് അടങ്ങുന്ന പത്തംഗ ഭീകരസംഘം രാജ്യത്തെ ഭയപ്പാടിന്‍റെ തോക്കിൻ കുഴലിന് മുന്നിൽ നിർത്തിയത്. അന്ന് കടൽ മാർഗം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ എത്തിയ സായുധ ഭീകരസംഘം നടത്തിയ കൂട്ടക്കുരുതിയിൽ ജീവൻ നഷ്ടമായത് 166 പേർക്കാണ്. ആസൂത്രിതമായി മുംബൈയിലെ പത്തിടങ്ങളിൽ ഭീകരർ നടത്തിയ ഭീകരാക്രമത്തിൽ ഏറ്റവും ദീർഘമായ ഏറ്റുമുട്ടൽ നടന്നത് മുംബൈയിലെ താജ് പാലസ് ഹോട്ടലിലും. അന്ന് മരണം പതുങ്ങിയിരിക്കുന്ന താജിന്‍റെ ഇടനാഴികളിൽ 60 മണിക്കൂറോളം നീണ്ടുനിന്ന സൈനിക പ്രത്യാക്രമണം ഓപ്പറേഷൻ ‘ബ്ലാക്ക് ടൊർണാഡോക്കിടെ’ ജീവൻ നഷ്ടപ്പെട്ട ജവാന്മാരിൽ മലയാളത്തിന്‍റെ സ്വന്തം മേജർ സന്ദീപ് ഉണ്ണികൃഷ്ണനുമുണ്ടായിരുന്നു. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ രക്തസാക്ഷിത്വം ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ നാടും കുടുംബവും സന്ദീപിന്‍റെ ജ്വലിക്കുന്ന ഓർമകളുമായി ജീവിക്കുകയാണ്.

അജ്മല്‍ കസബ്

മുംബൈയിൽ നടത്തിയ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരരിൽ സൈന്യത്തിന് ജീവനോടെ പിടിക്കാനായത് പാകിസ്ഥാൻ പൗരനും ലഷ്‌കർ ഇ തൊയ്ബ അംഗവുമായ അജ്മൽ കസബിനെ മാത്രമാണ്. പിന്നീട് ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച പലരും പാകിസ്ഥാനിലും അമേരിക്കയിലുമായി പിടിയിലായി. എന്നാൽ ഇവരെ ആരെയും തന്നെ ഇന്നും ഇന്ത്യയിൽ എത്തിക്കാനായിട്ടില്ല എന്നത് നമ്മുടെ പരാജയമായി നിലനിൽക്കുന്നു. 2012 നവംബർ 21 ന് ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത അവസാന വ്യക്തി അജ്മൽ കസബിനെ ഇന്ത്യ തൂക്കിലേറ്റി. തൂക്കിലേറ്റുന്നതിന് ഒരു ദിവസം മുൻപ് കസബ് ‘നിങ്ങൾ ജയിച്ചു, ഞാൻ പരാജയപ്പെട്ടു’ എന്ന് പറയുകയുണ്ടായി. സന്ദീപ് ഉണ്ണികൃഷ്ണനെപോലുളള സൈനികരുടെ പോരാട്ടവീര്യവും ഇന്ത്യൻ ജുഡീഷ്യറിയുടെയും ഇന്ത്യൻ ജനതയുടെയും കരുത്തും തന്നെയാണ് അയാളെ അവസാന നാളിൽ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്.

Mumbai-Terror-Attack-4

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍

എന്നാൽ പത്തു വർഷങ്ങൾക്കു ശേഷവും ഇന്ത്യയിലെ തീരങ്ങൾ സുരക്ഷിതമാണോ എന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഉണ്ട് എന്ന് പറയുമ്പോഴും, ഭീകരാക്രമണത്തിന് വർഷങ്ങൾക്ക് ശേഷവും പലസുരക്ഷാവീഴ്ചകളും മാധ്യമങ്ങൾ പലയിടത്തും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വാർത്തകൾ ഇന്നും ഭാരതീയന്‍റെ ഉറക്കം കെടുത്തുന്നു.