ഇന്ത്യ കോവിഡ് രണ്ടാം ഘട്ടത്തില്‍ ; മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ ഗുരുതര പ്രത്യാഘാതം ; അതീവ ജാഗ്രത പാലിക്കേണ്ട ഘട്ടമെന്ന് ഐ.സി.എം.ആർ

Jaihind News Bureau
Tuesday, March 17, 2020

ന്യൂഡല്‍ഹി : കോവിഡ്-19 വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ പ്രത്യാഗാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ട ഘട്ടമാണിതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

‘രോഗം ഇന്ത്യയില്‍ പടര്‍ന്നു തുടര്‍ന്നിരിക്കുന്നു. വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണിത്. മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് കമ്യൂണിറ്റി സ്‌പ്രെഡ് ആണ്. അത്തരമൊരു ഗുരുതര സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ എല്ലാവരും കർശന  ജാഗ്രത പുലർത്തണം’ –  ഐ.സി.എം.ആര്‍ പ്രതിനിധികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടാം ഘട്ടത്തില്‍ തന്നെ കൊവിഡിനെ നേരിടാന്‍ ശ്രമം ഉണ്ടാകണമെന്നും മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കി. ആളുകള്‍ സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്നോട്ടുവരണം. രോഗലക്ഷണങ്ങളുള്ളവര്‍ നിർബന്ധമായും ചികിത്സ തേടണം. സംശയമുണ്ടെങ്കില്‍ അവരവരുടെ വീടുകളില്‍ തന്നെ തങ്ങുകയും പെട്ടെന്ന് തന്നെ ഡോക്ടർമാരുടെ സേവനം തേടുകയും വേണം. പത്ത് ലക്ഷം പരിശോധനകിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ജര്‍മനിയില്‍ നിന്ന് കിറ്റുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഐ.സി.എം.ആര്‍ പ്രതിനിധികള്‍ അറിയിച്ചു.