ബോയിംഗ് 737 മാക്‌സ് 8 മോഡൽ യാത്രാവിമാനങ്ങൾ ഇന്ത്യയും നിലത്തിറക്കി

Jaihind Webdesk
Wednesday, March 13, 2019

എത്യോപ്യൻ വിമാനദുരന്തത്തിനു പിന്നാലെ ബോയിംഗ് കമ്പനിയുടെ 737 മാക്‌സ് 8 മോഡൽ യാത്രാവിമാനങ്ങൾ ഇന്ത്യയും നിലത്തിറക്കി. ഇന്ത്യൻ വ്യോമയാന നിരീക്ഷക സംഘമാണ് ബോയിംഗ് വിമാനം നിലത്തിറക്കി സുരക്ഷാ പരിശോധന നടത്താൻ തീരുമാനിച്ചത്.

നിരവധി ലോകരാജ്യങ്ങൾ ബോയിംഗ് വിമാനം നിലത്തിറക്കി പരിശോധന നടത്തുന്നതിനിടെയാണ് ഇന്ത്യയും നടപടി സ്വീകരിച്ചത്. സ്‌പൈസ് ജെറ്റും ജെറ്റ് എയർവെയ്‌സുമാണ് ബോയിംഗ് കമ്പനിയുടെ 737 മോഡൽ ഉപയോഗിക്കുന്നത്. സ്‌പൈസ് ജെറ്റിന് 13 വിമാനങ്ങളും ജെറ്റ് എയർവെയ്‌സിനു അഞ്ചെണ്ണവുമാണ് ഉള്ളത്. ചൈന കഴിഞ്ഞദിവസം ബോയിംഗ് കമ്പനിയുടെ 97 വിമാനങ്ങൾ നിലത്തിറക്കിയിരുന്നു. ബ്രിട്ടൻ, നോർവേ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ഒമാൻ, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും മാക്‌സ് എട്ടിൻറെ സർവീസ് താത്കാലികമായി നിർത്തുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.

2017ൽ പുറത്തിറങ്ങിയ ഈ മോഡൽ ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങൾക്കാണ് ഇരയായത്. എത്യോപ്യൻ എയർലൈൻസിൻറെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകർന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുമ്പ് ഇന്തോനേഷ്യയിലെ ലയൺ എയറിന്‍റെ സമാന മോഡൽ വിമാനം തകർന്ന് 189 പേർ മരിച്ചു.

പുതിയ വിമാനങ്ങൾ തകരാനുള്ള സാധ്യത അപൂർവമാണ്. ഏറ്റവും പുതിയ മോഡലാണെങ്കിൽ അത്യപൂർവവും. കഴിഞ്ഞ നവംബറിൽ വാങ്ങിയ പുതുപുത്തൻ വിമാനമാണ് എത്യോപ്യയിൽ തകർന്നുവീണത്. ലോകത്താകമാനമായി ഈ മോഡലിലുള്ള 350 വിമാനങ്ങളാണു സർവീസിലുള്ളത്. വിവിധ കമ്പനികൾ മൊത്തം 5000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുമുണ്ട്.