വോട്ടിംഗ് യന്ത്രത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യാ മുന്നണി; പാർലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കും

 

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യതയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇന്ത്യാ മുന്നണി. ഈ മാസം 24 ന് ആരംഭിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം സജീവമായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് യോഗം ചേർന്നേക്കും. പാർലമെന്‍റിന് പുറത്തും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ആലോചനയുണ്ട്.

ഇവിഎമ്മിന്‍റെ വിശ്വാസ്യത സംബന്ധിച്ച ടെസ്‌ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌കിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി എംപി ഇന്നലെ രംഗത്തുവന്നിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ വേണമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങും.

 

ഇലോണ്‍ മസ്ക് പറഞ്ഞത്:

“നിർമ്മിതബുദ്ധി ഉപയോഗിച്ചോ മനുഷ്യർക്ക് തന്നെയോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകും. ഇവിഎം ഉപേക്ഷിക്കണം.”

 

 

രാഹുല്‍ ഗാന്ധി പറഞ്ഞത്:

“ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളാണ്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടും.”

 

 

അഖിലേഷ് യാദവ് പറഞ്ഞത്:

‘‘പ്രശ്നങ്ങൾ പരിഹരിക്കാനാണ് സാങ്കേതികവിദ്യ. എന്നാൽ സാങ്കേതികവിദ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയാണെങ്കിൽ, അത് ഉപയോഗിക്കുന്നത് നിർത്തണം. ഇന്ന്, ലോകമെമ്പാടുമുള്ള നിരവധി തെരഞ്ഞെടുപ്പുകളിൽ ഇവിഎം കൃത്രിമത്വത്തിൻ്റെ സാധ്യതകൾ പ്രകടിപ്പിക്കുകയും ലോകത്തെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധർ ഇവിഎം കൃത്രിമത്വത്തിൻ്റെ അപകടത്തെക്കുറിച്ച് തുറന്നെഴുതുകയും ചെയ്യുമ്പോൾ, ഇവിഎമ്മുകൾ ഉപയോഗിക്കണമെന്ന വാശിക്ക് പിന്നിലെ കാരണം എന്താണെന്ന് ബിജെപി വ്യക്തമാക്കണം. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ഞങ്ങളുടെ ആവശ്യം ഞങ്ങൾ ആവർത്തിക്കുന്നു.’’

 

 

Comments (0)
Add Comment