ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ ഏറ്റവും കൂടുതല്‍ വോട്ടുകളോടെ ഇന്ത്യ അംഗത്വം നേടി. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. ഏഷ്യ-പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ് ഇന്ത്യ കൗൺസിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. വോട്ടെടുപ്പിൽ പങ്കെടുത്ത 18 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് ഇന്ത്യയാണ്.
മനുഷ്യാവകാശ കൗൺസിലിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആകെ 193 അംഗങ്ങളുള്ള യു.എൻ ജനറൽ അസംബ്ലിയിൽ 18 രാജ്യങ്ങളാണ് അംഗങ്ങളായി എത്തുന്നത്. രഹസ്യ ബാലറ്റ് സ്വഭാവമുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. കൗൺസിൽ അംഗത്വം ലഭിക്കാൻ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങൾക്ക് വേണ്ടത്.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ പ്രോത്സാഹിപ്പിക്കുന്നതും നിരീക്ഷിക്കുന്നതുമായ, ജനീവ ആസ്ഥാനമായ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇത് അഞ്ചാം തവണയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്.
കശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങളെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുന്‍ യു.എന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹസന് ഇക്കാര്യം അന്വേഷിക്കാന്‍ ഒരു അന്താരാഷ്ട്രസമിതി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. സമിതിയില്‍ അംഗമായ പാകിസ്ഥാന്റെ ആവശ്യത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പിന്താങ്ങിയിരുന്നു. എന്നിരുന്നാലും മറ്റ് രാജ്യങ്ങളൊന്നും അന്വേഷണമെന്ന ആവശ്യത്തെ പിന്തുണച്ചിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമിതിയില്‍ ഇന്ത്യയുടെ അംഗത്വത്തിന് പ്രാധാന്യമേറുന്നത്.
ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് ഇന്ത്യയ്ക്ക് പുറമെ ബഹറിൻ, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു.