കേന്ദ്രസർക്കാരിന്‍റെ ഭരണ തകർച്ച തുറന്നുകാട്ടി സർവേ ഫലം; ജനാധിപത്യ സൂചികയിൽ ഇന്ത്യ പത്തുസ്ഥാനം താഴേയ്ക്ക്

Jaihind News Bureau
Thursday, January 23, 2020

കേന്ദ്രസർക്കാരിന്‍റെ ഭരണ തകർച്ച തുറന്നുകാട്ടി ദി എക്കണോമിസ്റ്റിന്‍റെ ഇന്‍റലിജൻസ് യൂണിറ്റ് സർവേ ഫലം. ഇന്ത്യയിൽ ജനാധിപത്യം കുറയുന്നെന്നും ഇതേ തുടർന്നു ജനാധിപത്യ സൂചികയുടെ ആഗോള പട്ടികയിൽ ഇന്ത്യ പത്തുസ്ഥാനം താഴോട്ടു പോയതായുമാണ് സർവ്വേ റിപ്പോർട്ട്.

രാജ്യത്ത് പൗരസ്വാതന്ത്ര്യത്തിൽ കുറവുവന്നതാണ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം താഴേയ്ക്കു പോകാനിടയാക്കിയ കാരണങ്ങളിൽ പ്രധാനം. ബ്രിട്ടീഷ് സ്ഥാപനമായ ദി എക്കണോമിസ്റ്റിന്റെ ഇന്റലിജൻസ് യൂണിറ്റ് ആണ് ആഗോള റാങ്കിങ് ആയ ഡെമോക്രസി ഇൻഡക്സ് പുറത്തുവിടുന്നത്. 2018ൽ 41-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2019ലെ സർവേയിൽ 51-ാം സ്ഥാനത്തേയ്ക്ക് എത്തിയതായാണ് റിപ്പോർട്ട്. 2018ൽ ഇന്ത്യയുടെ മൊത്തം സ്‌കോർ 7.23 ആയിരുന്നത് 6.90ലേയ്ക്ക് താഴ്ന്നു. പൗരസ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയസംസ്‌കാരം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി അറുപത് ഘടകങ്ങൾ പരിഗണിച്ചാണ് ഇൻഡക്സ് തയ്യാറാക്കുന്നത്.
ജമ്മു കാഷ്മീരിൽ വരുത്തിയ മാറ്റങ്ങളും ആസാമിലെ വിവാദ പൗരത്വ രജിസ്റ്ററും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ ജനാധിപത്യം കുറയുന്നുവെന്ന് ഇഐയു വിലയിരുത്തിയത്.

കാഷ്മീരിലെ അറസ്റ്റുകളും ഇൻറർനെറ്റ് വിലക്കും സൈനിക വിദ്യാഭ്യാസവുമൊക്കെ റിപ്പോർട്ടിൽ വിമർശന വിധേയമായി. ആസാമിൽ 19 ലക്ഷം പേർക്ക് പൗരത്വം നിഷേധിക്കപ്പെട്ടതും ചൂണ്ടിക്കാണിച്ചു. പട്ടികയിൽ അവസാന സ്ഥാനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ചൈന. 153 ആണ് ചൈനയുടെ സ്ഥാനം. പാകിസ്ഥാൻ 108-ാം സ്ഥാനത്തുമാണുള്ളത്. നോർവേ ആണ് ഏറ്റവും മികച്ച ജനാധിപത്യക്രമമുള്ള രാജ്യമായി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഐസ്ലൻഡ്, സ്വീഡൻ, ന്യൂസിലൻഡ്, ഫിൻലൻഡ് എന്നിവയാണ് അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുള്ളത്. 165 രാജ്യങ്ങളും രണ്ട് ഭരണപ്രദേശങ്ങളും അടക്കം 167 ജനാധിപത്യ ഭരണപ്രദേശങ്ങളെയാണ് ഇൻഡക്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.