തകര്‍ത്തത് ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും പ്രധാന ഭീകരകേന്ദ്രം; സ്വയംപ്രതിരോധത്തിനുള്ള നടപടിയെന്ന് ഇന്ത്യ

Jaihind Webdesk
Tuesday, February 26, 2019

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമക്രമണം പാക്കിസ്ഥാനെതിരെയുള്ള സൈനിക നീക്കമല്ലെന്നും സ്വയംപ്രതിരോധത്തിനുള്ള നടപടിയാണെന്നും ഇന്ത്യ. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യാസഹോദരന്‍ ഉസ്താദ് ഗൗരിയെന്നറിയപ്പെടുന്ന മൗലാന യൂസഫ് അസര്‍ നേതൃത്വം നല്‍കുന്ന ക്യാമ്പാണ് ആക്രമിച്ചത്. മുതിര്‍ന്ന കമാന്‍ന്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി ജെയ്‌ഷെ ഭീകരരും പരിശീലകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പാക് അധീനകശ്മീരിലുള്ള ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകരകേന്ദ്രമാണ് ഇന്ത്യ തകര്‍ത്തതെന്ന് വിജയ് ഗോഖലെ അറിയിച്ചു. മലമുകളിലെ ഉള്‍വനത്തിലുള്ള ഭീകകേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്. സിവിലിയന്‍ കേന്ദ്രങ്ങളില്‍നിന്നും അകലെയായിരുന്നു ഈ ആക്രമണം. സാധാരണ ജനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാവില്ലെന്നും ആക്രമണത്തില്‍ ഉറപ്പ് വരുത്തിയിരുന്നു.

ജയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യക്കെതിരായി ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനം നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഭീകരകേന്ദ്രങ്ങളെക്കുറിച്ച് പലതവണ പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കൈക്കൊണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ഇതിനെ പ്രതിരോധിക്കേണ്ടത് ആവശ്യമായിരുന്നു. ആക്രമണം അനിവാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എഴുതിത്തയാറാക്കിയ പ്രസ്താവന അദ്ദേഹം വായിക്കുക മാത്രമാണ് വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ ചെയ്തത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വേഗത്തില്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.