രാജ്യത്ത് 7,554 പുതിയ കൊവിഡ് കേസുകൾ : കൂടുതല്‍ കേരളത്തില്‍

Jaihind Webdesk
Wednesday, March 2, 2022


ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,554 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാത്തത് ആശങ്കയാകുന്നുണ്ട്. 223 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്.

അതേസമയം, വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയെത്തി. 85,680 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 14,123 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ് (0.96 ശതമാനം). 1.06 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.

കേരളത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നതും. 2,846 കേസുകളാണ് കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 24,912 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രോഗവ്യാപനം ഉയര്‍ന്ന് നിന്നിരുന്ന മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമായി. കര്‍ണാടകയിലും തമിഴ്നാട്ടിലും സജീവ കേസുകള്‍ ആരായിരത്തില്‍ താഴെയാണ്.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി എട്ട് ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ 177.79 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.