രാജ്യത്ത് 42,015 പുതിയ കൊവിഡ് കേസുകള്‍ ; 3,998 മരണം

Jaihind Webdesk
Wednesday, July 21, 2021


ന്യൂഡൽഹി : രാജ്യത്ത് 42,015 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറിൽ 3998 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര മരണനിരക്ക് പുതുക്കിയതോടെയാണ് സംഖ്യ ഇത്രയും ഉയര്‍ന്നത്. 3,509 മരണങ്ങളാണ് മഹാരാഷ്ട്ര പുതുതായി ഉള്‍പ്പെടുത്തിയത്. രാജ്യത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍ 489 മരണങ്ങളാണ് ഉണ്ടായത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27% ആണ്. തുടർച്ചയായ 30 ദിവസമായി ടിപിആർ 3 ശതമാനത്തിനു താഴെ നിൽക്കുന്നത് ആശ്വാസകരമാണ്.

ആകെ രോഗബാധിതരുടെ എണ്ണം 3,12,16,337 ആയി. 36,977 പേർ കൂടി രോഗമുക്തരായതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,07,170 ആയി. ആകെ 4,18,480 പേർ മരിച്ചു. രോഗമുക്തി നിരക്ക് 97.36% ആണ്.

രാജ്യത്താകെ 41,54,72,455 പേർക്കു വാക്സീൻ നൽകി. വാക്സീന്റെ ലഭ്യതക്കുറവിനെത്തുടർന്ന് മുംബൈയിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലും സർക്കാർ ആശുപത്രികളിലും വാക്സിനേഷൻ ഇന്നു നടന്നില്ല. മുംബൈയിൽ വീടുകളിൽ എത്തിയുള്ള വാക്സിനേഷന് ഓഗസ്റ്റ് ഒന്നു മുതൽ തുടക്കമാകുമെന്ന് മഹാരാഷ്ട്ര സർക്കാരും ബിഎംസിയും കോടതിയെ അറിയിച്ചു. കിടപ്പുരോഗികൾ, വീൽ ചെയറിൽ മാത്രം സഞ്ചരിക്കുന്നവർ, ഗുരുതരാവസ്ഥയിൽ കഴിയുന്നവർ, അംഗപരിമിതർ തുടങ്ങി 3505 പേര്‍ക്ക് വാക്സീൻ നൽകാനാണ് ഇത്തരമൊരു നീക്കം.