ന്യൂഡല്‍ഹി: തവാങിലെ ഇന്ത്യ – ചൈന സംഘർഷത്തില്‍ പാർലമെന്‍റില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. അടിയന്തരപ്രമേയം നല്‍കി പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് വാക്ക്ഔട്ട് ചെയ്തത്. തവാങിലെ ചൈന സൈന്യത്തിന്‍റെ കടന്ന് കയറ്റത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയെ മുഴുവൻ കാര്യങ്ങളും അറിയിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പാർലമെന്‍റിന്‍റെ ഇരുസഭകളില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.
അതിർത്തിയിലെ യഥാർത്ഥ സ്ഥിതി സഭയോടും ജനങ്ങളോടും പറയണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ചൈന പല നിർമ്മാണ പ്രവർത്തനങ്ങളും അതിർത്തിയിൽ നടത്തിയതായാണ് അറിയാൻ കഴിയുന്നത്. അതിനാൽ യാഥാർഥ്യം സർക്കാർ പുറത്തുവിടണം എന്നും മല്ലികാര്‍ജുന്‍ ഖാർഗെ പറഞ്ഞു. പാർലമെന്‍റ് ചേരുന്നതിന് മുൻപ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു.
അതേസമയം സംഘർഷ സാഹചര്യത്തില്‍ ചൈന അതിര്‍ത്തിയിലെ വ്യോമനിരീക്ഷണം ശക്തമാക്കി.