74-ാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം

ഇന്ന് സ്വതന്ത്ര ഭാരതത്തിന്‍റെ 74-ാം പിറന്നാൾദിനം. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഉജ്ജ്വല സമരത്തിന്‍റെ പര്യവസാനമായിരുന്നു ഓരോ ഭാരതീയന്‍റെയും സ്വാതന്ത്ര്യലബ്ദി. സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും ഭീതിയുടെയും അന്തരീക്ഷത്തിലൂടെയാണ് ഈ സ്വാതന്ത്ര്യദിനം കടന്നു പോകുന്നത്

ജവഹർലാൽ നെഹ്റുവിന്‍റെ നേതൃത്വവും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങളുമായിരുന്നു നവഭാരതത്തിന് അടിത്തറ പാകിയത്. ലോകോത്തരമായ ഭരണഘടന ഈ ആശയങ്ങളെ സ്ഥിരപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. വിഭജനം തീർത്ത മുറിവുകളിൽ നിന്ന് ചോരയൊലിക്കുന്ന രാഷ്ട്രത്തെ ചികിത്സിച്ച് മുറിവുണക്കാൻ നെഹ്റുവിന് സാധിച്ചതാണ് രാഷ്ട്രത്തെ 74-ാം പിറന്നാളിലും തകരാതെ കാത്തത്.
കരഗതമായ സ്വാതന്ത്ര്യം യാഥാർത്ഥ്യമല്ലെന്ന് അപഹസിച്ചുകൊണ്ട് ഒന്നാം സ്വാതന്ത്ര്യദിനത്തെ ബഹിഷ്‌കരിച്ച ഹിന്ദുമഹാസഭയുടെ പിൻമുറക്കാർ രാജ്യത്തിന്‍റെ ഭരണതാക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. രാഷ്ട്രപിതാവിനെ വെടിയുണ്ടകൾക്കിരയാക്കിക്കൊണ്ടായിരുന്നു അവർ ഹിന്ദുരാഷ്ട്ര വാദം പ്രഖ്യാപിച്ചത്. ഗാന്ധിജി ഒരു അധികാരസ്ഥാനവും വഹിച്ചില്ലെങ്കിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പതിതരുടെയും പാർശ്വവത്കൃതരുടെയും ഇടയിൽ മാസ്മരികമായ ആജ്ഞാശക്തിയുണ്ടായിരുന്ന പിതൃസ്ഥാനീയനായിരുന്നു ഗാന്ധിജി. ജീവിതം മുഴുവൻ ഇന്ത്യക്കുവേണ്ടി പോരാടിയ മഹാത്മജിയെ അഞ്ചരമാസം മാത്രമാണ് സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ അവർ അനുവദിച്ചത്. രാഷ്ട്രപിതാവിനെ പോലും സംരക്ഷിക്കാൻ സാധിക്കാത്ത ദുർബലനായ ഭരണാധികാരിയെന്ന് നെഹ്റുവിനെതിരെ അപഖ്യാതി സൃഷ്ടിക്കുക അവരുടെ ലക്ഷ്യമായിരുന്നു.

തീവ്ര ഹിന്ദുത്വവാദികൾ ഗാന്ധിവധം ആഘോഷിക്കുമ്പോൾ രാജ്യത്തുടനീളം വിപ്ലവം പ്രഖ്യാപിക്കുകയായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. പട്ടിണിയും തൊഴിൽരാഹിത്യവും തകർത്ത സ്വാതന്ത്ര്യകാലത്തെ ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിക്കുകയെന്നതായിരുന്നു ഹിന്ദുമഹാസഭയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ലക്ഷ്യം. ഒരു മനുഷ്യന് ഏകാധിപത്യത്തിലൂടെയോ സമഗ്രാധിപത്യത്തിലൂടെയോ നേടാൻ സാധിക്കാത്ത നേട്ടങ്ങളാണ് നെഹ്റു സർക്കാർ കാഴ്ചവെച്ചത്. നെഹ്റുവിന്‍റെ ചടുലതയും ബുദ്ധിയും അചഞ്ചലതയും പൈതൃകമാക്കിയ ഇന്ദിരാഗാന്ധിയുടെ 15 വർഷക്കാലത്തെ ഭരണം പഴയ ഇന്ത്യയിൽ നിന്ന് പുതിയ ഇന്ത്യയിലേക്കുള്ള ചുവടുമാറ്റമായിരുന്നു. നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് പ്രജ്ഞയിൽ നിരവധി ആശയങ്ങളും അതിനൊത്ത പ്രാപ്തിയുള്ള രാജീവ്ഗാന്ധിയെ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഇന്ത്യൻ ശില്‍പിയെന്ന് വിശേഷിപ്പിക്കാം.

കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും അഞ്ചുവർഷം ഇന്ത്യയെ നയിച്ച നരസിംഹറാവുവിനെ ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നിർമ്മാതാവ് എന്ന് പറയാം. ഇന്ത്യയുടെ സാമൂഹിക ജീവിതത്തിലും രാഷ്ട്രത്തിന്‍റെ വളർച്ചയിലും നിരവധി നിയമനിർമ്മാണങ്ങൾ നടത്തിയ ഭരണമായിരുന്നു ഡോ. മൻമോഹൻ സിംഗിന്‍റെ കാലയളവ്. ഇന്ത്യൻ ഭരണഘടനയും രാഷ്ട്രത്തിന്‍റെ സംസ്‌കാരവും ജനാധിപത്യ-മതനിരപേക്ഷ-ഫെഡറൽ ആശയങ്ങളും പൂർണമായും തുടച്ചുമാറ്റുന്ന നടപടികൾ അതിവേഗതയിൽ നടന്നുവരുമ്പോൾ 74-ാം പിറന്നാൾ ദിനത്തിൽ സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും ഭീതിയുടെയും അന്തരീക്ഷമാണ് രാജ്യമാകെ തളംകെട്ടി നിൽക്കുന്നത്. ഇന്ത്യയുടെ ആയുസിനായുള്ള ഒരു പ്രാർത്ഥനാദിനമായി ഈ സ്വാതന്ത്ര്യദിനം നമുക്ക് ആഘോഷിക്കാം.

Comments (0)
Add Comment