എഴുപതാം റിപബ്ലിക്ക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനവേദിയായ രാജ്പഥ് പൂർണമായും സുരക്ഷാവലയത്തിലാണ്. ചടങ്ങിന്‍റെ മുഖ്യാതിഥിയായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൾ റമാഫോസ ഉൾപ്പടെയുള്ളവർ ഡൽഹിയിൽ എത്തിക്കഴിഞ്ഞു.
കശ്മീരിൽ തീവ്രവാദികളെ നേരിടുന്നതിനിടയിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് മരണാനന്തര ബഹുമതിയായി അശോക് ചക്ര പുരസ്കാരം സമർപ്പിക്കും. അദ്ദേഹത്തിന്‍റെ പത്നി അശോക് ചക്ര ഏറ്റുവാങ്ങും.
തുടർന്ന് രാജ്പഥിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. കേന്ദ്രസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമ്പുള്ള റിപ്പബ്ളിക് ദിന ആഘോഷം എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.
സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയർത്തും. ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മന്ത്രിമാർ ദേശീയ പതാക ഉയർത്തി സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.