ന്യൂഡല്‍ഹി: ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരാണെന്ന് മല്ലികാർജുൻ ഖാർഗെ. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് മോദിയുടെ ധാർമ്മിക പരാജയമാണെന്നും ഖാർഗെ പറഞ്ഞു. നിയമവാഴ്ചയെ വെല്ലുവിളിച്ചതിനുള്ള തിരിച്ചടിയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്‍റെ യോഗം നാളെ ചേരുമെന്നും രാഹുൽ ഗാന്ധി.
ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർമ്മിക പരാജയമാണ്. ബിജെപിക്ക് പൂർണ്ണ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാർഗെ ഡൽഹിയിൽ പറഞ്ഞു. ജുഡീഷ്യറി ഉൾപ്പെടെ രാജ്യത്തെ സ്ഥാപനങ്ങൾ പിടിച്ചെടുത്ത ബിജെപിക്കെതിരെയാണ് പ്രതിപക്ഷം പോരാടിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനുള്ള ആദ്യ ചുവടുവെപ്പ് ജനങ്ങൾ സ്വീകരിച്ചുവെന്നും രാഹുൽ പറഞ്ഞു.
കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ സംഘം ശ്രമിക്കുമോ എന്ന ചോദ്യത്തിന്, നാളെ ചേരുന്ന ഇന്ത്യാ മുന്നണി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. റായ്ബറേലിയിലും വയനാട്ടിലും തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.