ടോക്യോ ഒളിമ്പിക്സ് : പുരുഷ ഹോക്കിയില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

Jaihind Webdesk
Sunday, August 1, 2021

ടോക്യോ : പുരുഷ ഹോക്കിയില്‍ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമി ഫൈനലില്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും.

കളി തുടങ്ങി ഏഴാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. ദില്‍പ്രീത് സിംഗാണ് ആദ്യം ലക്ഷ്യം കണ്ടത്.  തുടർന്ന് 16-ാം മിനിറ്റില്‍ ഗുജ്റന്ത് സിംഗിലൂടെയും 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗിലൂടെയും ഇന്ത്യ ബ്രിട്ടന്‍റെ ഗോള്‍ വല കുലുക്കി. ബ്രിട്ടണ് വേണ്ടി സാമുവല്‍ വാര്‍ഡാണ് ഒരു ഗോള്‍ നേടിയത്. ഇന്ത്യ രണ്ട് ഗോള്‍ നേടിയതിന് പിന്നാലെ 45-ാം മിനിറ്റിലായിരുന്നു ബ്രിട്ടണ്‍ ഗോള്‍. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം ഹോക്കിയില്‍ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്.

2016 ലെ റിയോ ഒളിമ്പിക്സില്‍ എട്ടാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഏതു കരുത്തർക്കും വെല്ലുവിളി ഉയർത്താന്‍ തക്ക ഫോമിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 7-1 ന് തകര്‍ന്നശേഷം ശക്തമായി തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂള്‍ എ യില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യയുടെ ക്വാര്‍ട്ടർ പ്രവേശം.