ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം

അഡ്‌ലെയ്ഡ്: ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 110 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

ഇന്ത്യന്‍ സ്‌കോര്‍ മൂന്നില്‍നില്‍ക്കെ കെ.എല്‍.രാഹുല്‍ (2) ജോഷ് ഹെയ്‌സല്‍വുഡിന് ഇരയായി മടങ്ങി. പൃഥ്വി ഷായ്ക്കു പകരം ഓപ്പണര്‍ സ്ഥാനത്ത് എത്തിയ മുരളി വിജയ് (11) സ്റ്റാര്‍ക്കിനു മുന്നില്‍ വീണു. ഏറെ പ്രതീക്ഷകളുമായി എത്തിയ നായകന്‍ വിരാട് കോഹ്ലി (3) യുടെ ഊഴമായിരുന്നു പിന്നീട്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചിലൂടെ ഉസ്മാന്‍ ഖവാജയാണ് കോഹ്ലിയെ മടക്കിയത്. മോശം ഷോട്ടിന് ക്ഷണിച്ച് അജിന്‍ക്യ രഹാനെ (13) യും പവലിയനില്‍ തിരിച്ചെത്തി.

ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന ചേതേശ്വര്‍ പുജാരയ്‌ക്കൊപ്പം ഏകദിനത്തിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യ ആശ്വസിച്ചു. എന്നാല്‍ അമിത ആക്രമണോത്സുകത അദ്ദേഹത്തിനു വിനയായി. നഥാന്‍ ലിയോണിനെ തുടര്‍ച്ചയായി സിക്‌സറിനു പറത്താനുള്ള രോഹിതിന്റെ ശ്രമം ഹാരിസിന്റെ കൈകളില്‍ ഒതുങ്ങി. 37 റണ്‍സായിരുന്നു രോഹിതിന്റെ സന്പാദ്യം.

103 പന്തില്‍ 27 റണ്‍സുമായി ബാറ്റ് ചെയ്യുന്ന പുജാരയ്ക്ക് 16 റണ്‍സുമായി ഋഷഭ് പന്താണ് കൂട്ട്. ഓസീസിനായി ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും പാറ്റ് കുമ്മിന്‍സ്, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Comments (0)
Add Comment