ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന്. രാത്രി ഏഴിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ ടി20യിൽ ആസ്ട്രേലിയക്ക് മുൻപിൽ പൊരുതി കീഴടങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സ്വന്തം നാട്ടിൽ ഓസീസിന് മുൻപിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് കാത്തുസൂക്ഷിക്കാൻ സാധിക്കൂ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യിൽ ജയത്തിനരികേ എത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഈ കളിയിൽ പരാജയപ്പെട്ടത്.
അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണ്ടിയിരുന്ന ഓസീസ് അവസാന പന്തിലാണ് വിജയം നുണഞ്ഞത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ രണ്ടാം പന്തിൽ റിച്ചാർഡ്സണും അഞ്ചാം പന്തിൽ കുമ്മിൻസും ഫോർ നേടിയതോടെയാണ് ജയം ഉറപ്പിച്ച ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.
ആദ്യ കളിയിൽ മോശം പ്രകടനം കാഴ്ചവച്ച ബാറ്റിങ് നിര ഈ മത്സരത്തിൽ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുൽ മാത്രമാണ് ആദ്യ ടി20യിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. രോഹിത് ശർമയോടൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുൽ 36 പന്തിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമടക്കം 50 റൺസെടുത്തിരുന്നു.