‘ഇന്ത്യാ സഖ്യം 300-ല്‍ അധികം സീറ്റുകള്‍ നേടും; ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും’: മല്ലികാർജുന്‍ ഖാർഗെ

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 300-ൽ അധികം സീറ്റുകൾ നേടുമെന്നും കോൺഗ്രസ് പാർട്ടി മാത്രം 273 സീറ്റുകൾ കടക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ജൂൺ 5-ന് പരിഹാരമാകും. 2019-ൽ നേടിയ സീറ്റുകൾ ബിജെപിക്ക് ഇത്തവണ ഒരുകാരണവശാലും ലഭിക്കില്ലെന്നും മല്ലികാർജുൻ ഖാർഖെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് ഇന്ത്യാ സഖ്യം ഒത്തുചേർന്നതെന്ന് അഭിമുഖത്തിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ 273 സീറ്റുകളാണ് വേണ്ടത്, കോൺഗ്രസിന് അതിലും കൂടുതൽ സീറ്റുകൾ കിട്ടും. ഇന്ത്യാ സഖ്യത്തിന് 300-ൽ അധികം സീറ്റുകൾ ലഭിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്‍റെ അടുത്തദിവസം ഇന്ത്യാ സഖ്യം പരിഹാരം കാണുമെന്നും ഖാർഖെ പറഞ്ഞു.

കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകൾ മാത്രം നേടാനായേക്കാം. ബിജെപിക്ക് ആന്ധ്രയിൽ നിലനിൽപ്പില്ല. തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. നേരത്തെ രണ്ടു സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇത്തവണ 10 സീറ്റ് വർധിപ്പിക്കും. കർണാടകയിലും ഇത്തവണ കോൺഗ്രസ് സീറ്റുകൾ 10 ആയി ഉയർത്തും. മഹാരാഷ്ട്രയിലും ഇന്ത്യാ സഖ്യം കൂടുതൽ സീറ്റുകൾ നേടും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും  കോൺഗ്രസ് സഖ്യം തൂത്തുവാരുകയാണ്. യുപിയിൽ കോൺഗ്രസിന് 10 സീറ്റും, സഖ്യത്തിന് 14 സീറ്റുകളും ലഭിക്കുമെന്നും മല്ലികാർജുൻ ഖാർഗെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിഭജന രാഷ്ട്രീയമാണ് മോദിയുടെ പ്രസംഗം. അത് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റും, ഞങ്ങൾ ഭരണഘടനയെ സംരക്ഷിക്കുമെന്നും ഖാർഗെ തുടർന്ന് പറഞ്ഞു.

Comments (0)
Add Comment