ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുവേണ്ടി ശക്തമായി പോരാടുമെന്ന ദൃഢനിശ്ചയത്തോടെയാണ് പതിനെട്ടാം ലോക്സഭാ സമ്മേളനത്തിന് ഇന്ത്യാ സഖ്യം എത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മോദി സർക്കാരിനെ നിയന്ത്രിക്കാനുള്ള കരുത്തുമായാണ് ഇന്ത്യ സഖ്യം എത്തുന്നത്. നമ്മള്‍ ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാണെന്നും അനീതിക്കെതിരെ ശക്തമായി പോരാടുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളും കെ.സി. വേണുഗോപാല്‍ എക്സില്‍ പങ്കുവെച്ചു.
“നമ്മൾ ജനാധിപത്യത്തിന്‍റെ കാവൽക്കാരാണ്. ഭരണഘടനയെ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അനീതിക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. ബാപ്പുവിന്‍റെ അനുഗ്രഹം വാങ്ങി പാർലമെന്‍റിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും ശബ്ദം നൽകാനും ഓരോ മിനിറ്റിലും സർക്കാരിനെ നിയന്ത്രിക്കാനുമുള്ള പുത്തൻ ദൃഢനിശ്ചയത്തോടെയാണ് ഇന്ത്യാ സഖ്യം 18-ാം ലോക്‌സഭയിലെത്തുന്നത്” – കെ.സി. വേണുഗോപാല്‍ എക്സില്‍ കുറിച്ചു.