തിരുവനന്തപുരം: കോൺഗ്രസിന്‍റെ ചരിത്രം രാജ്യത്തിന്‍റെ ചരിത്രമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാജ്യത്ത് മോദിയുടെയോ ബിജെപിയുടെയോ ഒരുതരംഗവുമില്ല. ഇന്ത്യ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിനെ തിരുവനന്തപുരത്തെ ജനം വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്തു സംഭാവനയാണ് ചെയ്തതെന്ന് ഡി.കെ. ശിവകുമാർ ചോദിച്ചു. എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ഡി.കെ. ശിവകുമാർ.
മോദി ശക്തനായിരുന്നെങ്കിൽ നൂറിലധികം സിറ്റിംഗ് എംപിമാരെ മാറ്റില്ലായിരുന്നു. ഇന്ത്യ മുന്നണി അധികാരത്തിലെത്തും. ദക്ഷിണേന്ത്യയിൽ മികച്ച നേട്ടമുണ്ടാക്കും. കഴിഞ്ഞ നിർണ്ണായക തിരഞ്ഞെടുപ്പിൽ കേരളം 19 സീറ്റ് യുഡിഎഫിന് നൽകി അടിത്തറ ഇട്ടു. രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ നിന്ന് മത്സരിക്കാൻ അവസരം നൽകിയതിന് ജനങ്ങൾക്ക് നന്ദി. ബിജെപി നേതാക്കൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ് രാഹുൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എന്ന നിലയിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കേരളത്തിന് എന്താണ് നൽകിയതെന്ന് ഡി.കെ. ശിവകുമാർ ചോദിച്ചു. കുറഞ്ഞത് രണ്ടുലക്ഷം തൊഴിലവസരമെങ്കിലും കേരളത്തിൽ നല്‍കാമായിരുന്നു. എന്നാല്‍ ഐടി മേഖലയിൽപ്പോലും അത് നൽകിയില്ല. കേന്ദ്രമന്ത്രിയെന്ന നിലയില്‍ കേരളത്തിനോ കർണാടകത്തിനോ രാജീവ് ചന്ദ്രശേഖർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഒരു കല്ലെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ സ്വാഗതം ചെയ്യുന്നു. ശശി തരൂരിനെ തോൽപ്പിക്കാൻ രാജീവിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്‍റെ പ്രതിച്ഛായ തകർത്തത് എല്‍ഡിഎഫ് ആണ്. കേരളത്തിന്‍റെ സാമ്പത്തിക രംഗവും തകർന്നു. എല്‍ഡിഎഫിനെ അനുകൂലിക്കുന്നത്ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.