സ്വാതന്ത്ര്യദിനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി; കെപിസിസി പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട് : കെപിസിസിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്വാതന്ത്ര്യദിനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോഴിക്കോട്ടെ
തുറയൂരിലെ പാക്കനാർപുരത്തെ ഗാന്ധി സദനത്തിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി നിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി.

സ്വാതന്ത്ര്യ സമര വേളയിൽ ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് പ്രസിദ്ധമായ തുറയൂരിലെ പാക്കനാർപുരത്തെ ഗാന്ധി സദനത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായത്. ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിവിധ ജാഥകളുടെ സംഗമത്തോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. കേരള ഗാന്ധി കെ കേളപ്പജിയുടെ ശിൽപ്പത്തിന് മുന്നിൽ 75 ദീപങ്ങൾ തെളിയിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.

കെ.പിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. ഭരിക്കുന്ന ഭരണകൂടത്തിന്‍റെ വർഗീയ അജണ്ടകളെ കണ്ടില്ലെന്ന് നടിക്കാൻ കോൺഗ്രസിനാവില്ലെന്ന് കെ സുധാകരൻ എംപി പറഞ്ഞു. അതിനെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ് ശക്തമായി രംഗത്തിറങ്ങും. ഫാസിസത്തെ നോക്കി നിൽക്കാൻ  കോൺഗ്രസിന് സാധിക്കില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയെ തമസ്കരിക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഗാന്ധി ജയന്തി ആഘോഷമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡി സി സി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ അധ്യക്ഷനായ ചടങ്ങിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്
ടി സിദ്ദിഖ് എംഎൽഎ, എഐസിസി സെക്രട്ടറി പി.വി മോഹനൻ, എംകെ രാഘവൻ എംപി, കെ.എസ്.യു പ്രസിഡന്‍റ് കെ.എം അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങില്‍ വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Comments (0)
Add Comment