കെ.പി.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം ; മുല്ലപ്പള്ളി രാമചന്ദ്രന്‍ പതാക ഉയർത്തി | VIDEO

Jaihind News Bureau
Saturday, August 15, 2020

തിരുവനന്തപുരം : കെ.പി.സി.സി യുടെ നേതൃത്വത്തില്‍ 74-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി. സേവാദള്‍ വളന്‍റിയര്‍മാരുടെ അഭിവാദ്യം സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

ഇന്ദിരാഭവനില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സേവാദള്‍ വളന്‍റിയര്‍മാരുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഇന്ത്യ രാജ്യത്ത് ഇന്ന് കാണുന്ന നേട്ടങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഭാവന ചെയ്തതതാണ്. നാം ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ ഫാസിസ്റ്റ് ഭരണാധികാരികള്‍ ഇന്ന് ചവിട്ടി മെതിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഫാസിസത്തിന്‍റെ വക്താക്കള്‍ രാജ്യം ഭരിക്കുമ്പോള്‍ കേരളത്തില്‍ സ്റ്റാലിനിസ്റ്റ് വക്താകളാണ് ഭരിക്കുന്നത്. സാമ്രാജ്യത്വത്തിന് മുത്തുക്കുട പിടിച്ചവരും വെഞ്ചാമരം വീശിയവരുമാണ് നാട് ഭരിക്കുന്നത്. സ്വാതന്ത്ര്യം ആത്മത്യാഗം ആണ് എന്നിരിക്കെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് വേണ്ടി പുനരര്‍പ്പണം ചെയ്യുമെന്ന് ഈ ദിവസം പ്രതിജ്ഞ ചെയ്യണം എന്നാവശ്യപ്പെട്ട അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.